വ്യക്തിബന്ധങ്ങളിലെ അസ്ഥിരത, സ്വന്തം പ്രതിച്ഛായയിൽ മതിപ്പില്ലാതെയും നിരാശപ്പെടുകയും ചെയ്യുക, വികാരത്തെ സ്വയം നിയന്ത്രിക്കാൻ കഴിയാതെയിരിക്കുക എന്നിവയും ആവേശകരമായ പെരുമാറ്റരീതികളും ബി.പി.ഡി ഉള്ളവരുടെ ലക്ഷണങ്ങളാണ്. ചെറുപ്പത്തിൽ തന്നെ ഈ ലക്ഷണങ്ങൾ അനുഭവിക്കുന്നവരാണ് ഏറെയും. ഈ ലക്ഷണങ്ങൾ വർഷങ്ങളോളം തുടരും.
പുരുഷന്മാരിലും സ്ത്രീകളിലും ഇത് ഉണ്ടാകാം. വീട്ടുകാർ ഉപേക്ഷിക്കുമോ, സുഹൃത്തുക്കൾ തന്നെ ഒഴിവാക്കുമോ, എന്നൊക്കെയുള്ള ഭയം ഇത്തരം ആളുകൾക്ക് ഉണ്ടാകുകയും ഇത് അവരുടെ ബന്ധങ്ങളിൽ പ്രശ്നമാവുകയും ചെയ്യും. ഇവർ പലകാര്യങ്ങളിലും വളരെ സെൻസിറ്റീവ് ആയിരിക്കും. തങ്ങളെ ആരെങ്കിലും ഉപേക്ഷിക്കുകയാണെന്ന് അവർ വിശ്വസിക്കും.
ഈ ഭയം വളരെ ശക്തമാകുമെന്നതിനാൽ പെരുമാറ്റത്തിൽ വ്യത്യസ്തതയും ഉണ്ടാകുന്നു. ഒരു വ്യക്തി മറ്റൊരാളുമായുള്ള അവരുടെ ബന്ധം കൂടുതൽ 'സുരക്ഷിതം' ആണെന്ന് ഉറപ്പ് തേടുന്നു. തനിക്കിഷ്ടമുള്ളയാൾ മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചാൽ ആ വ്യക്തിയെ അകറ്റാനും ബന്ധത്തിൽ നിന്ന് സ്വയം പിന്മാറാനും കൂടുതൽ സാധ്യതയുണ്ട്.
ഇഷ്ടമുള്ളയാൾ എപ്പോഴും ഇവരെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് ഇവരുടെ രീതിയാണ്. ബി.പി.ഡി ഉള്ള വ്യക്തി തനിക്ക് ആവശ്യമുള്ളപ്പോൾ മറ്റൊരാളുമായി ബന്ധം ആരംഭിക്കുകയും പിന്നീട് മറ്റേ വ്യക്തിയെ വിലകെട്ടവനോ നികൃഷ്ടനോ ആയി കാണുകയും അവരിൽ നിന്ന് അകന്നുപോകാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയും സാധാരണമാണ്.