ലോകമെമ്പാടുമുള്ള പ്രത്യുല്‍പാദന പ്രായത്തിലുള്ള ദമ്പതികളില്‍ 15ശതമാനം ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ് വന്ധ്യത. ഇതിന് പിന്നില്‍ വ്യത്യസ്ത കാരണങ്ങളാണെങ്കിലും ജീവിതചര്യയിലെ ചില മാറ്റങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ക്ഷമതയെ സ്വാധീനിക്കും. അച്ഛനാകാനുള്ള അല്ലെങ്കില്‍ അമ്മയാകാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് തടസ്സമായി നില്‍ക്കുന്ന ചില ശീലങ്ങളെക്കുറിച്ച് അറിയാം.
പുകവലി സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമം നേരത്തേയാകാനും പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കാനും ഇത് കാരണമാകും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുകയാണ് ഏറ്റവും അനുയോജ്യമായ തീരുമാനം.
ഗര്‍ഭധാരണത്തിനടക്കം വേണ്ട ഹോര്‍മോണുകളെ ദിവസം മുഴുവന്‍ ഉല്‍പാദിപ്പിക്കുന്ന ശരീരത്തിന്റെ സര്‍ക്കാഡിയന്‍ താളമാണ് ഉറക്ക രീതികളെ സാധാരണയായി സ്വാധീനിക്കുന്നത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വൈകി ഉറങ്ങുന്നവര്‍ക്കും വന്ധ്യതയ്ക്കും ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്.
അമിതമായി കഫീന്‍ അടങ്ങിയ കാപ്പി പോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നത് പുരുഷന്റെ ബീജം ഉല്‍പ്പാദിപ്പിക്കുനുള്ള കഴിവിനെ ബാധിക്കും. ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സ്ത്രീകള്‍ക്ക് അതിലും മോശമാണ്. ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ അപകടകരമാകുകയും ചെയ്യും.
പലപ്പോഴും ജോലിത്തിരക്ക് മൂലവും മറ്റ് ഉത്തരവാദിത്വങ്ങള്‍ കാരണവുമൊക്കെ പലപ്പോഴും നമ്മള്‍ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ചിലപ്പോള്‍ ഉച്ചഭക്ഷണം വേണ്ടെന്നുവച്ച് അത്താഴം ഗംഭീരമാക്കും. എന്നാല്‍ ഇത്തരം ശീലങ്ങള്‍ ആരോഗ്യത്തിനും ഫെര്‍ട്ടിലിറ്റിക്കും ദോഷമാണ്. അപര്യാപ്തമായ പോഷകാഹാരം സ്ത്രീയുടെ അണ്ഡോത്പാദന ശേഷിയെ ബാധിക്കും.