തിരക്ക് കാരണം പ്രഭാതഭക്ഷണം പോലും പലരും ഒഴിവാക്കാറുണ്ട്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെ വരുമ്പോൾ വിവിധ രോ​ഗങ്ങൾ പിടിപെടുന്നതിന് കാരണമാകും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ ഷുഗർ ലെവലിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. ഇത് മാനസികാരോഗ്യാവസ്ഥയെ ബാധിക്കുന്നു. തുടർച്ചയായി ഭക്ഷണം ഒഴിവാക്കിയാൽ ഉത്കണ്ഠ വർദ്ധിക്കാനും വിഷാദരോഗത്തിന് അടിമപ്പെടാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
ഭക്ഷണം ഒഴിവാക്കുന്നത് ദേഷ്യം, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും. ഇത് കാലക്രമേണ ഗുരുതരമായ സ്വഭാവ മാറ്റങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഭക്ഷണം ഒഴിവാക്കുന്നത് ഒരാളിൽ ക്ഷീണം ഉണ്ടാകുകയും ഇത് തലചുറ്റൽ, മൈഗ്രെയ്ൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഡയറ്റ് നോക്കുന്ന സമയങ്ങളിൽ ഉണങ്ങിയ പഴങ്ങൾ അല്ലെങ്കിൽ തൈര് പോലുള്ള പ്രോട്ടീൻ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
ഭക്ഷണം ഉപേക്ഷിക്കുന്നത് ശരീരത്തിൽ പ്രോട്ടീൻ്റെ അളവ് കുറയ്ക്കാൻ ഇടയാക്കും. പേശികളുടെ ആരോഗ്യവും നിലനിർത്തുന്നതിനും ശാരീരിക കോശങ്ങളെ പരിപാലിക്കുന്നതിനുമെല്ലാം സഹായകമായ ഒരു പ്രധാന മാക്രോ ന്യൂട്രിയൻ്റ് ആണ് പോട്ടീൻ. മുതിർന്നവരിൽ 60 ശതമാനം പേരും കുറഞ്ഞത് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നവരോ അല്ലെങ്കിൽ കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാത്തവരോ ആണെന്ന് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേ നടത്തിയ പഠനത്തിൽ റിപ്പോർട്ട് ചെയ്യുന്നു.
ദിവസവും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതു വഴി ശാരീരിക ആരോഗ്യത്തിന് പ്രതിദിനം ശുപാർശ ചെയ്യപ്പെടുന്ന പ്രോട്ടീൻ്റെ അളവിൽ വലിയ രീതിയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തി. ശരീരത്തിന് പോഷകാഹാരം നൽകുന്ന ആരോഗ്യകരമായ സമീകൃത ഭക്ഷണം ഓരോ നേരത്തെ ഭക്ഷണങ്ങളിലും ഉൾപ്പെടുത്തുക. ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നതിന് പോഷകാഹാരങ്ങൾ നിർണായകമാണ്.