മുലപ്പാൽ കുടിച്ചുവളർന്ന കുഞ്ഞുങ്ങൾക്ക് അല്ലാത്തവരെ അപേക്ഷിച്ച് രോഗ പ്രതിരോധ ശേഷിയും ബുദ്ധിശക്തിയുമൊക്കെ വളരെ കൂടുതലായിരിക്കും.എന്നാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മുലപ്പാൽ ഏറ്റവും മികച്ചതെന്നാണ് ആരോഗ്യവിദഗദ്ധർ പറയുന്നത്. കാൻസർ പ്രതിരോധിക്കാനും , ദഹന സംബന്ധമായ തകരാറുകൾ, രോഗപ്രതിരോധ വൈകല്യങ്ങൾ എന്നിവയൊക്കെ ഇല്ലാതാക്കാനും മുലപ്പാൽ മുതിർന്നവരെ സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊള്ളൽ, കണ്ണിലെ അണുബാധകൾ, ഡയപ്പർ റാഷുകൾ, മുറിവുകൾ എന്നിവ ഭേദമാക്കാനും പ്രാദേശികമായി ചിലയിടങ്ങളിൽ മുലപ്പാൽ ഉപയോഗിക്കുന്നുണ്ട്. മുതിർന്നവർക്ക് മുലപ്പാൽ ഇത്രയേറെ ഗുണങ്ങൾ നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിലൊന്നിനും ശാസ്ത്രീയ അടിത്തറയില്ലെന്നതാണ് യാഥാർത്ഥ്യം.
കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് മുലപ്പാലിന്റെ എല്ലാ ഗുണങ്ങളും ലഭിക്കണമെങ്കിൽ ഉറവിടത്തിൽ നിന്ന് നേരിട്ടുതന്നെ കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ ഇത് ലഭിക്കുക പ്രയാസമാണ്. മുതിർന്ന വ്യക്തിക്ക് പങ്കാളിയിൽ നിന്ന് മാത്രമേ ഇത് ലഭിക്കൂ. ഓൺലൈൻ സൈറ്റുകൾ വഴി ഇപ്പോൾ മുലപ്പാൽ ലഭ്യമാണെങ്കിലും അവ പലപ്പോഴും അപടകാരികളാകാമെന്നാണ് മുന്നറിയിപ്പ്. സൈറ്റോമെഗലോവൈറസ്, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രോഗങ്ങൾ വരാൻ കുപ്പിയിലടച്ച മുലപ്പാൽ ഇടയാക്കിയേക്കും. പാസ്ചുറൈസ് ചെയ്യാത്തതിനാലാണിത്. മാത്രമല്ല വൃത്തിയില്ലാത്ത സാഹചര്യത്തിൽ ശേഖരിക്കപ്പെടുന്നതും പ്രശ്നങ്ങൾക്ക് ഇടയാക്കും.
ഓൺലൈൻ വഴി വാങ്ങിയ മുലപ്പാലിന്റെ സാമ്പിളുകളിൽ നടത്തിയ പഠനത്തിൽ 93% സാമ്പിളുകളിലും ബാക്ടീരിയയും അതിൽ 74% ഗ്രാം നെഗറ്റീവ് ബാക്ടീരിയയും ഉണ്ടെന്ന് വ്യക്തമായി. ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ള ദഹന പ്രശ്നങ്ങൾക്കും നെഗറ്റീവ് ബാക്ടീരിയ കാരണമാകും.