കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ (Fatty Liver) എന്ന് പറയുന്നത്. ഇത് ചികിത്സിച്ചില്ലെങ്കിൽ ഫൈബ്രോസിസും സിറോസിസും ആയി വികസിക്കുകയും മറ്റ് സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും. ട്രാൻസ് ഫാറ്റ്, ആൽക്കഹോൾ, പഞ്ചസാര, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരൾ. ഇത് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും കൊഴുപ്പുകളെ വിഘടിപ്പിക്കുകയും ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അതിന്റെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും നിരവധി രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
കാർഡിയോ വ്യായാമങ്ങൾ...
നിങ്ങൾക്ക് വീട്ടിൽ തന്നെ പരിശീലിക്കാവുന്ന ഒന്നാണ് കാർഡിയോ വ്യായാമങ്ങൾ. തുടക്കക്കാർക്കുള്ള ഒരു കാർഡിയോ വ്യായാമമാണ് ജമ്പിംഗ് ജാക്ക്‌സ് . നിങ്ങൾക്ക് ഇത് എവിടെയിരുന്നും ചെയ്യാൻ കഴിയും. ഒരുപാട് സ്ഥലമോ വലിയ ഉപകരണങ്ങളോ ഇതിനാവശ്യമില്ല. നിങ്ങളുടെ ശരീരത്തിലെ പേശികളെ സ്‌ട്രെച്ച് ചെയ്യാനും ഹൃദയം പമ്പ് ചെയ്യാനും ഈ വ്യായാമം സഹായിക്കുന്നു.മറ്റൊന്നാണ് ജമ്പ് റോപ്പ്. നമ്മളിൽ പലരും കുട്ടിക്കാലം മുതൽ ജമ്പ് റോപ്പ് ചെയ്യുന്നവരാണ്. ഇത് വളരെ രസകരമായ ഒരു വ്യായാമമാണ്. ശരീരഭാരം കുറയ്ക്കാനും സജീവമായി തുടരാനും സ്റ്റാമിന വർദ്ധിപ്പിക്കാനും മാത്രമല്ല, ഏകാഗ്രത വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ദിവസേനയുള്ള നടത്തം...
രാവിലെയോ വൈകുന്നേരമോ 45 മിനിറ്റ് നടക്കാൻ പോകുക. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങി ഫാറ്റി ലിവർ വരെയുള്ള ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്താൻ നടത്തം സഹായിക്കും.
യോഗ...
ഫാറ്റി ലിവർ മാറ്റാൻ യോഗ വളരെ ഫലപ്രദമാണ്. ശരീരത്തിലുടനീളമുള്ള രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രാണായാമം പോലുള്ള യോഗ ആസനങ്ങൾ ചെയ്യുക. ഇത് കരളിന് അനുയോജ്യമാണ്.
ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട ആറ് ജീവിതശൈലി മാറ്റങ്ങൾ...
പഞ്ചസാര ഒഴിവാക്കുക : കേക്കുകൾ, പേസ്ട്രികൾ, ഐസ്ക്രീം തുടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നതിനാൽ ഇവ ആരോഗ്യത്തിന് ഹാനികരമാണ്.
എണ്ണമയമുള്ള ഭക്ഷണങ്ങളും വറുത്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക, പച്ച ഇലക്കറികൾ കഴിക്കുക: വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കലോറിയുടെ അളവ് വർദ്ധിപ്പിക്കും, ഇത് ഒരു വ്യക്തിയിൽ അമിതവണ്ണത്തിന് കാരണമാകും.
ഭക്ഷണത്തിൽ ഒമേഗ 3 ചേർക്കുക : മത്സ്യം, നട്സ്, സോയ ബീൻ എണ്ണകൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാനും അതുവഴി ഫാറ്റി ലിവർ ചികിത്സിക്കാനും സഹായിക്കും
മദ്യപാനം കുറയ്ക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക : നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉള്ളവരിൽ മിതമായതോ ഉയർന്നതോ ആയ മദ്യപാനത്തിന്റെ ഫലമായി കരൾ തകരാറിലാകുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്തേക്കാം. അതിനാൽ, NAFLD ഉണ്ടെന്ന് കണ്ടെത്തിയാൽ, മദ്യം ഒഴിവാക്കണം.
നന്നായി ഉറങ്ങുക : ദിവസത്തിൽ 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം ലഭിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ വളരെയധികം സഹായിക്കും.
പ്രോട്ടീൻ ഭക്ഷണക്രമം : കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും ഉള്ള ഭക്ഷണക്രമം നിലവിലുള്ള അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.