കൂർക്കം വലി, ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് നന്നായി ഉറങ്ങാനാവുമെങ്കിലും, അവരുടെ സമീപത്തുള്ളവരുടെ കാര്യമാണ് കഷ്ടം.എന്നാൽ ഈ അവസ്ഥയുടെ കാരണം എന്താണെന്ന് കണ്ടെത്തിയാൽ മതി കൂർക്കംവലി ഇല്ലാതാക്കാൻ. വിവാഹിതരുടെ കാര്യത്തിൽ, കൂർക്കംവലികൊണ്ട് കൂടുതൽ കഷ്ടപ്പെടുന്നത് അവരുടെ പങ്കാളിയാവും.കൂർക്കംവലിക്കുന്നവരിൽ ആരോഗ്യപരമായും ചില പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. നിസാരമായി കണേണ്ട ഒന്നല്ല കൂർക്കം വലി. ഒരു പക്ഷേ ഇത് സ്ലീപ് അപ്നിയ പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്കുള്ള തുടക്കമാവും. ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന അവസ്ഥയാണ് സ്ലീപ്പ് അപ്നിയ.
അമിത ഭാരം
സാധാരണ ഗതിയിൽ അമിത ഭാരമുള്ളവരിൽ കൂർക്കംവലി കാണാറുണ്ട്. അമിതമായ ഭാരം ഉറങ്ങുമ്പോൾ ശ്വാസനാളത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണിത്. അമിത വണ്ണം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെ കൂർക്കംവലി കുറയ്ക്കാനാവും. ഇതിനായി ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുകയും, വ്യായാമം മെച്ചപ്പെടുത്തുകയും വേണം.
മദ്യപാനം ഒഴിവാക്കുക
രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മദ്യപിക്കുന്ന ശീലമുണ്ടെങ്കിൽ അത് നിർത്തുക. ഉറങ്ങുന്നതിന് മുൻപ് മദ്യം ഒഴിവാക്കിയാൽ കൂർക്കം വലി കുറയ്ക്കാൻ അത് സഹായിക്കും. മദ്യമടക്കമുള്ള ലഹരി വസ്തുക്കൾ തൊണ്ടയിലെ പേശികളെ അയവുവരുത്തുകയും, ഇത് കൂർക്കംവലിക്ക് കാരണമാക്കുകയും ചെയ്യുന്നു.
വെള്ളം കുടിക്കുക
ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് തൊണ്ടയിൽ ജലാംശം നിലനിർത്താനും കൂർക്കംവലി കുറയ്ക്കാനും സഹായിക്കും.
വശം ചേർന്ന് ഉറങ്ങുക
കട്ടിലിൽ നിവർന്ന് കിടക്കാതെ വശം ചേർന്ന് ഉറങ്ങുന്നതും കൂർക്കം വലി കുറയ്ക്കാൻ സഹായിക്കും. ചരിഞ്ഞ് കിടക്കുന്നതിനായി തലയിണ ഉപയോഗിക്കാം. ദിവസവും ഒരേസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതും നല്ലതാണ്. ഇതിനൊപ്പം കിടപ്പുമുറി തണുപ്പേറിയതും, വെളിച്ചമില്ലാത്തതുമാക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.