മദ്യപാനം മൂലം ഉണ്ടാകാത്ത കരൾ രോഗങ്ങളുടെ തുടക്കമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് ഈ അസുഖം ഉണ്ടാവുന്നത്. രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് ഉൾപ്പടെ അഞ്ഞൂറിലധികം ശാരീരിക പ്രവർത്തനങ്ങൾ കരൾ നിർവഹിക്കുന്നുണ്ട്.
അതിനാൽ തന്നെ ഫാറ്റി ലിവർ രോഗം സമയബന്ധിതമായി കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഫാറ്റി ലിവർ തിരിച്ചറിയാൻ വൈകിയാൽ അത് ഗുരുതരമായ ഘട്ടമായ സിറോസിസിന് കാരണമായേക്കും. കരൾ വീക്കമുണ്ടായി വർഷങ്ങളോളം കഴിഞ്ഞ ശേഷമാണ് ഇത് സംഭവിക്കുന്നത്.
കരളിന് രോഗം വരുമ്പോൾ പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എന്നാൽ ചില ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോഗ്യത്തെ കുറിച്ച് ചില സൂചനകൾ ലഭിക്കാറുണ്ട്. ദിവസവും രാവിലെ പല്ലു തേക്കുമ്പോൾ സ്ഥിരമായി മോണയിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമായേക്കാം.
ഫാറ്റി ലിവർ രോഗത്തിന്റെ ഗുരുതരമായ ഘട്ടത്തിൽ രക്തസ്രാവമുണ്ടാകാറുണ്ട്. കരളിന് ശരിയായി പ്രവർത്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ ശരീരം മറ്റു ചില ലക്ഷണങ്ങളും കാണിക്കാറുണ്ട്. വിശപ്പില്ലായ്മ, പതിവായി ഓക്കാനം, തൊലിപ്പുറത്ത് ചൊറിച്ചിൽ തുടങ്ങിയവയാണവ.
ഫാറ്റി ലിവർ രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മഞ്ഞപ്പിത്തം, ഛർദിയിൽ രക്തം, കറുത്ത നിറത്തിൽ മലം, ക്ഷീണവും ബലഹീനതയും,കരൾ ഭാഗത്ത് വേദന, മുടി കൊഴിച്ചിൽ തുടങ്ങിയ ലക്ഷണമാണ്. ടൈപ്പ് 2 പ്രമേഹം, തൈറോയ്ഡ് രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയൊക്കെ ഫാറ്റിലിവറിലേക്ക് നയിക്കാം.