മുടി കൊഴിയുന്നത്, അകാല നര, മുടി വളരാത്തത് എന്നിവയാണ് മുടിയെ ബാധിയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലത്. ഈ പ്രശ്നങ്ങൾക്ക് കൃത്രിമ പരിഹാര മാർഗങ്ങൾ ചിലപ്പോൾ മുടിയെ തന്നെ നശിപ്പിക്കുന്നു. ഈ പ്രശ്നങ്ങൾക്കായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹെയർ പാക്ക് നോക്കാം.
ആവശ്യമായ സാധനങ്ങൾ
1. സവാള
സവാള മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിലെ സൾഫർ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. മുടിയിലെ നര ചെറുക്കാനും മുടി കൊഴിച്ചിൽ തടയാനുമുള്ള പ്രധാന ചേരുവയാണ് ഇത്. സവാളയിൽ ആന്റി ഓക്‌സിഡന്റുകൾ, മിനറലുകൾ തുടങ്ങിയ പല ഘടങ്ങളും അടങ്ങിയിട്ടുണ്ട്.
2. കറിവേപ്പില
കറിവേപ്പില കാർബോഹെെഡ്രേറ്റ്, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നമാണ്. ഇത് മുടി വളരാനും കൊഴിയാതിരിയ്ക്കാനും സഹായിക്കുന്നു.
3.നെല്ലിക്ക
അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്ക. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യുന്നു.
തയ്യാറാക്കുന്ന വിധം
സവാള, നെല്ലിക്ക, കറിവേപ്പില എന്നിവ ചേർത്തരയ്ക്കുക. അത് മുടിയിൽ പുരട്ടി ഒരു മണിക്കൂർ കഴിയുമ്പോൾ കഴുകാം. ഇതല്ലെങ്കിൽ അരച്ചെടുത്ത കൂട്ട് അരിച്ചെടുക്കുക. ഈ പാനീയം ശിരോചർമത്തിലും മുടിയിലും പുരട്ടാം. കുറച്ച് കഴിഞ്ഞ് കഴുകി കളയാം.