ബിപി കൂടുന്നതിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ബിപി അഥവാ രക്തസമ്മര്‍ദ്ദം കൂടുന്നത് ആരോഗ്യത്തിന് വലിയ വെല്ലുവിളി തന്നെയാണ്. ഹൃദയത്തെയാണ്  പ്രധാനമായും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിക്കുക. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവന്‍ ഭീഷണിയിലാകുന്ന വിവിധ അവസ്ഥകളിലേക്കെല്ലാം ഉയര്‍ന്ന ബിപി നയിക്കാം.അതിനാല്‍ തന്നെ ഇവിടെയിപ്പോള്‍ ബിപി കൂടുന്നതിന് കാരണമാകുന്ന, അധികമാര്‍ക്കുമറിയാത്തൊരു പ്രശ്നത്തെ കുറിച്ചാണ് വിശദമാക്കുന്നത്.നമ്മുടെ ശരീരത്തിലെ പലവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഘടകങ്ങള്‍ ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയുള്ള പോഷകങ്ങളെല്ലാം ഇതുപോലെ ആവശ്യം വരുന്ന ഘടകങ്ങളാണ്. ഇക്കൂട്ടത്തില്‍ 'പൊട്ടാസ്യം' എന്ന ധാതുവില്‍ കുറവ് സംഭവിക്കുന്നത് ബിപി കൂടുന്നതിലേക്ക് നയിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതെക്കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്.

Advertisment

publive-image

പൊട്ടാസ്യം- നെഞ്ചിടിപ്പ് 'നോര്‍മല്‍' ആക്കി വയ്ക്കുന്നതിനും, പേശികളും നാഡികളും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനും, പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നതിനും, കാര്‍ബോഹൈഡ്രേറ്റ് മാറ്റി ഉപയോഗപ്രദമാക്കിയെടുക്കുന്നതിനുമെല്ലാം ആവശ്യമായി വരുന്ന ഘടകമാണ്. കൂടാതെ ശരീരത്തിലെ സോഡിയം നില നിയന്ത്രിക്കുന്നതിലും പൊട്ടാസ്യത്തിന് കാര്യമായ പങ്കുണ്ട്. നമുക്കറിയാം, സോഡിയം -അല്ലെങ്കില്‍ ഉപ്പ് ബിപി ഉയരുന്നതിലേക്ക് നയിക്കുന്ന ഒന്നാണ്. ഇക്കാരണം കൊണ്ടാണ് ബിപിയുള്ളവര്‍ അധികം ഉപ്പ് കഴിക്കരുതെന്നോ, ഉപ്പ് ഒഴിവാക്കണമെന്നോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

ഇതിനെല്ലാം പുറമെ പൊട്ടാസ്യം- രക്തക്കുഴലുകളുടെ ഭിത്തികളെ 'റിലാക്സ്' ചെയ്യിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴിയും ബിപി കുറയുന്ന സാഹചര്യമുണ്ടാകുന്നു. പേശീവേദന - അസ്വസ്ഥത എന്നിവയും ഇതിലൂടെ കുറയ്ക്കാൻ സാധിക്കും.

ശരീരത്തില്‍ പൊട്ടാസ്യം കുറയുന്നത് അത്ര സാധാരണഗതിയില്‍ വലിയ പ്രശ്നമായി ഉയര്‍ന്നുവരാറോ തിരിച്ചറിയപ്പെടാറോ ഇല്ല. അതേസമയം ചില ലക്ഷണങ്ങള്‍ പൊട്ടാസ്യം കുറയുമ്പോള്‍ ശരീരം കാണിക്കുകയും ചെയ്യും. മലബന്ധം, നെഞ്ചിടിപ്പില്‍ വ്യതിയാനം, തളര്‍ച്ച, പേശികള്‍ക്ക് കേടുപാട്, പേശികളില്‍ ബലക്കുറവും വേദനയും, വിറയല്‍- മരവിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായും ഇതിന്‍റെ ലക്ഷണങ്ങളായി വരിക. പൊട്ടാസ്യം കുറവ് കണ്ടെത്തുന്നതിനായി ഡോക്ടറെ കണ്ട് കഴിഞ്ഞാല്‍ രക്തപരിശോധനയ്ക്ക് നിര്‍ദേശിക്കുന്നതാണ്.

ഇലക്കറികള്‍, ബീൻസ്, നട്ട്സ്, പാലുത്പന്നങ്ങള്‍, ചൂര- ആറ്റുമീൻ തുടങ്ങിയ മീനുകള്‍, നാരുകളടങ്ങിയ പച്ചക്കറികള്‍, നേന്ത്രപ്പഴം, ഓറഞ്ച്, മുസമ്പി, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍, സോയാബീൻ എന്നിവയെല്ലാം പൊട്ടാസ്യം നല്ലതുപോലെ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നതും ഈ പ്രശ്നത്തെ പ്രതിരോധിക്കാൻ സഹായിക്കും.

Advertisment