കേള്‍ക്കുമ്പോള്‍ തന്നെ മനസിലാക്കാം എന്താണ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന്. ലളിതമായി പറഞ്ഞാല്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണിത്. ശരീരത്തിന്‍റെ വിവിധയിടങ്ങളിലേക്ക് ആവശ്യമായത്രയും രക്തവും ഓക്സിജനും എത്തിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥ. തീര്‍ച്ചയായും ഗുരുതരം തന്നെ അങ്ങനെയെങ്കില്‍ ഹാര്‍ട്ട് ഫെയിലിയര്‍ സംഭവിച്ച ഒരു രോഗിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കുമോ?
സമയബന്ധിതമായി ആശുപത്രിയിലെത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താം. നിലവില്‍ ഇത്തരത്തിലുള്ള ചികിത്സാസൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാണ്. എന്നാല്‍ എല്ലാ കേസുകളിലും ആശുപത്രിയില്‍ എത്തിച്ചാലും രോഗിയെ രക്ഷപ്പെടുത്താൻ സാധിക്കണമെന്നുമില്ല. ഈ രണ്ട് സാധ്യതകളും മനസിലാക്കിയിരിക്കണം. എന്തായാലും രോഗിയെ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നത് പ്രധാനം. ഇതിന് രോഗിയില്‍ രോഗലക്ഷണങ്ങള്‍ കാണുന്നത് മനസിലാക്കാൻ കഴിയണമല്ലോ. എന്താണ് ഹാര്‍ട്ട് ഫെയിലിയറിന്‍റെ പ്രധാന ലക്ഷണങ്ങള്‍? ഇവ കൂടി അറിയാം. ഹാര്‍ട്ട് ഫെയിലിയറിലേക്ക് രോഗിയെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകാം...
1- ശ്വാസതടസം
2- തളര്‍ച്ച
3- ഒരു കാര്യത്തിലും വ്യക്തത തോന്നാത്ത അവസ്ഥ
4- പെട്ടെന്ന് നെഞ്ചിടിപ്പ് കൂടുക- ഇതില്‍ കാര്യമായ താളവ്യത്യാസവും
5- കാല്‍പാദത്തിലോ കാലുകളിലോ നീര് വന്ന് വീര്‍ക്കുക
6- വ്യായാമം ചെയ്യാൻ സാധിക്കാത്ത അവസ്ഥ
7- രക്തക്കുഴലുകള്‍ തീരെ നേരിയതായി വരുന്ന അവസ്ഥ.
8- രാത്രിയില്‍ ഉറക്കം അസ്വസ്ഥമാവുക
9-വിശപ്പില്ലായ്മ
നാല്‍പത് കടന്നവര്‍, പ്രമേഹം, ബിപി എന്നിവയുള്ളവര്‍, ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നമുള്ളവര്‍, വീട്ടിലാര്‍ക്കെങ്കിലും നേരത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടിട്ടുള്ളവര്‍ എന്നിവരാണ് കൂടുതലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഒരിക്കലും രോഗലക്ഷണങ്ങള്‍ കാണുന്നപക്ഷം പരിഭ്രാന്തരാകേണ്ടതില്ല. സമാധാനപൂര്‍വം സമയം വൈകിക്കാതെ തന്നെ ആശുപത്രിയിലേക്ക് എത്താനാണ് ശ്രമിക്കേണ്ടത്. പരിഭ്രാന്തിയിലാകുന്നത് കൊണ്ട് ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടാകില്ലെന്നും മനസിലാക്കുക.