'ഡാർക്ക് സർക്കിൾസ്' പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും കണ്‍തടങ്ങളില്‍ കറുത്ത പാട് ഉണ്ടാകാം. കംപ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഉറക്കമില്ലായ്മ, സ്ട്രെസ് എന്നിവ മൂലവും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകും. കണ്ണിന് വിശ്രമം കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൃത്യ സമയത്ത് ഉറങ്ങണം. അതുപോലെ തന്നെ ദിവസവും ധാരാളം വെള്ളം കുടിക്കണം. ഇതോടൊപ്പം കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറ്റാൻ പാല്‍ പഞ്ഞിയില്‍ മുക്കി കണ്ണില്‍ വയ്ക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നതും നല്ലതാണ്. അതുപോലെ തന്നെ, കോഫി പൊടിയില്‍ കുറച്ച് തേന്‍ ചേര്‍ത്ത് കണ്ണിന് ചുറ്റും പുരട്ടുന്നതും കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുന്നു.
ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മികച്ച ഒന്നാണ് പഴം. പഴത്തിന്‍റെ തൊലി മുഖത്ത് ഉരസുന്നത് കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്നു. കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. ഇതിനായി പുളിച്ച തൈരിലേയ്ക്ക് നാരങ്ങാ നീര് കൂടി ചേര്‍ത്ത് മിശ്രിതമാക്കി വേയിലേറ്റ മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. രക്തചന്ദന തടി കല്ലില്‍ അരിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് തേനും കൂടി ചേര്‍ത്ത് മിശ്രിതമാക്കി എന്നും രാത്രി മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്നു. രക്തചന്ദനം ഇഷ്ടമല്ലാത്തവര്‍ക്ക് മഞ്ഞളും പാല്‍ പാടയും കൂടി ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും ഫലം നല്‍കും. അതുപോലെ തന്നെ വെള്ളരിക്കയുടെയോ ഉരുളക്കിഴങ്ങിന്‍റെയോ നീര് മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുന്നു.