ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അനുയോജ്യമായ ശരീരഭാരം കുറയ്ക്കുകയോ നിലനിർത്തുകയോ ചെയ്യുക എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. കാലാവസ്ഥ മാറ്റം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നത് സ്വാഭാവികമാണ്. രോഗപ്രതിരോധ സംവിധാനം, അണുബാധയ്‌ക്കെതിരെ പോരാടുന്നതിനുള്ള ശരീരത്തിന്റെ സംവിധാനം, പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുമ്പോൾ ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നു.
ടൈപ്പ് 1 പ്രമേഹരോഗികൾക്ക് ആവശ്യമായ ഇൻസുലിൻ ഡോസ് കൃത്യമായി നിർണ്ണയിക്കാൻ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടതായി വന്നേക്കാം. പ്രമേഹത്തിന് രണ്ട് പ്രധാന തരങ്ങളുണ്ട്. ടൈപ്പ് 1, ടൈപ്പ് 2. ടൈപ്പ് 1 പ്രമേഹത്തിൽ പാൻക്രിയാസ് ഇൻസുലിൻ നിർമ്മിക്കുന്നില്ല. കാരണം ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഇൻസുലിൻ നിർമ്മിക്കുന്ന പാൻക്രിയാസിലെ ഐലറ്റ് കോശങ്ങളെ ആക്രമിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിൽ, പാൻക്രിയാസ് മുമ്പത്തേതിനേക്കാൾ കുറച്ച് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ശരീരം ഇൻസുലിൻ പ്രതിരോധിക്കും.
ഒന്ന്...
വേനൽക്കാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാർഗമാണ് വ്യായാമം എന്നത്. ദിവസവും രാവിലെയും വൈകുന്നേരവും 30 മിനിറ്റ് നടക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കുന്നതിന് ഭക്ഷണം കഴിച്ച് 1-3 മണിക്കൂർ കഴിഞ്ഞ് ശേഷം ലഘു വ്യായാമങ്ങൾ ചെയ്യുന്നതും ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണക്രമം പ്രമേഹമുള്ളവർക്ക് കാര്യമായ ഗുണങ്ങൾ നൽകിയേക്കാം. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ദഹനത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യുന്നു. അത്തരംഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാനും അതേ സമയം രക്തസമ്മർദ്ദം, ഹൃദ്രോഗം, ചിലതരം ക്യാൻസർ എന്നിവ ഒഴിവാക്കാനും സഹായിക്കും. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ഓട്സ്, ബ്രൗൺ റൈസ്, ധാന്യങ്ങൾ, പഴങ്ങൾ, വിത്തുകൾ, പരിപ്പ്, കാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുന്നു.
മൂന്ന്...
ആളുകൾ വിവിധ ജ്യൂസുകളും സ്മൂത്തികളും കഴിക്കുന്ന സമയമാണ് വേനൽക്കാലം. എന്നാൽ പ്രമേഹമുള്ളവർക്ക്, നാരുകളാൽ സമ്പുഷ്ടമല്ലാത്തതും പ്രകൃതിദത്തമായ പസാഞ്ചരയുടെ അളവ് കൂടുതലുള്ളതുമായ ജ്യൂസ് ഗ്ലൂക്കോസിന്റെ അളവ് വളരെ വേഗത്തിൽ ഉയർത്തുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
നാല്...
വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ, വേനൽക്കാലത്ത് ധാരാളം വെള്ളവും ജലാംശം നൽകുന്ന ഭക്ഷണങ്ങളും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
അഞ്ച്...
ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും നിയന്ത്രിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതാണ്.