ഗർഭനിരോധന ഗുളിക സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ഈസ്ട്രജനും പ്രോജസ്റ്റോജനും അടങ്ങിയ ഗർഭനിരോധന ഗുളികകൾ സ്തനാർബുദ സാധ്യത ഉയർത്തുന്നതായി പഠനത്തിൽ പറയുന്നു. പ്രോജസ്റ്റോജൻ മാത്രമുള്ള ഗുളികകൾ അല്ലെങ്കിൽ ഹോർമോൺ ഐയുഡികൾ എന്നിവ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം കണ്ടെത്താനുള്ള സാധ്യത 20% മുതൽ 30% വരെ കൂടുതലാണ്.ഏകദേശം 10% പേർ ഐയുഡികൾ അല്ലെങ്കിൽ ജനന നിയന്ത്രണ ഇംപ്ലാന്റുകൾ പോലുള്ള ദീർഘകാല റിവേഴ്‌സിബിൾ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.
ഗവേഷകർ അവരുടെ വിശകലനത്തിന്റെ ഫലങ്ങളും പ്രോജസ്റ്റോജൻ മാത്രമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളുടെ അപകടസാധ്യത പരിശോധിച്ച മറ്റ് 12 പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളുമായി സംയോജിപ്പിച്ചു. മൊത്തത്തിലുള്ള ഫലങ്ങൾ സമാനമായിരുന്നു, ഹോർമോൺ ഗർഭനിരോധന മാർഗ്ഗം സ്തനാർബുദ സാധ്യത 30% വരെ വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.
ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് മുമ്പ് നടത്തിയ പഠനത്തിലും പറയുന്നു. കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകരാണ് അന്ന് പഠനം നടത്തിയത്. ഹോർമോൺ കോൺട്രാസെപ്റ്റീവുകളും സ്തനാർബുദ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡെൻമാർക്കിലെ 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്.
അർബുദം ബാധിക്കാത്ത വന്ധ്യതാ ചികിത്സയ്ക്ക് വിധേയരാകാത്ത മുഴുവൻ സ്ത്രീകളെയും പഠന വിധേയരാക്കി. ഗർഭനിരോധനത്തിനായി ഹോർമോൺ ഗുളികകൾ കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് അടുത്തകാലത്ത് ഈ ഗുളികകൾ കഴിച്ചവരിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടെത്തി.