എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം ആരോഗ്യത്തിന് ഏറെ അനിവാര്യമായ കാല്‍സ്യം കുറഞ്ഞാല്‍ പല രോഗങ്ങളും തലപൊക്കും. ഹൈപ്പോകാല്‍സെമിയ എന്നാണ് ഇതിനെ പറയുന്നത്. ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിനെ നേരിടാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം.
►കാല്‍സ്യം പല്ലുകളുടെ ആരോഗ്യത്തിന് സുപ്രധാനമാണെന്ന് എല്ലാവര്‍ക്കുമറിയാം. കാല്‍സ്യം ദന്താരോഗ്യത്തെ പിന്തുണയ്ക്കുന്ന ഘടകം മാത്രമല്ല, അതിന്റെ അടിസ്ഥാനം തന്നെയാണ്. ഇടയ്ക്കിടെ പല്ലിന് കേടുവരുന്നത് അമിതമായി മധുരം കഴിച്ചിട്ടാണെന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്. എന്നാല്‍ ഇത് ശരീരത്തില്‍ ആവശ്യത്തിന് കാല്‍സ്യം ഇല്ലാത്തതുകൊണ്ടും ആകാം.
►പലരും കാല്‍സ്യം കുറയുന്നത് എല്ലുകളുടെ ആരോഗ്യം കുറയ്ക്കുമെന്ന് പറയാറുണ്ട് എന്നാല്‍ പേശികളെ ഇത് ബാധിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഇടയ്ക്കിടെ പേശിവേദന അടക്കമുള്ള ബുദ്ധിമുട്ട് നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അത് കാല്‍സ്യത്തിന്റെ സാന്നിധ്യം ശരീരത്തില്‍ കുറവാണെന്നതിന്റെ സൂചനയാണ്. ജീവിതരീതിയിലും ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ സൂചന കൂടിയാണ് ഇത്.
►നിങ്ങള്‍ നഖങ്ങള്‍ക്ക് കരുത്ത് കുറവാണോ? ഇവ പെട്ടെന്ന് ഒടിഞ്ഞ് പോകുന്നത് കാല്‍സ്യക്കുറവ് മൂലമാകാം. കാരണം നഖങ്ങളുടെ ഘടനയ്ക്ക് കാല്‍സ്യം വളരെ പ്രധാനമാണ്. പാലുത്പന്നങ്ങള്‍, ഓട്‌സ്, പച്ചക്കറികള്‍, കാല്‍സ്യം അടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി നഖങ്ങള്‍ക്ക് ദൃഢത നേടിയെടുക്കാനാകും.
►ശരീരത്തിലെ കാല്‍സ്യത്തിന്റെ 99 ശതമാനവും അസ്ഥികളിലാണ് സംഭരിക്കുന്നത്. അതുകൊണ്ട് അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ ഇത് പ്രധാനമാണ്. ശരീരത്തില്‍ ആവശ്യത്തിന് കാല്‍സ്യമില്ലെങ്കില്‍ അസ്ഥികളെ പ്രതികൂലമായി ബാധിക്കും. അടിക്കടി ഒടിവുകള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. കാല്‍സ്യം കുറയുന്നത് ഓസ്റ്റിയോപൊറോസിസ്, റിക്കറ്റ്‌സ്, ഓസ്റ്റിയോപീനിയ തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകും. പ്രായം കൂടുന്തോറും ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും.
►രാത്രിയില്‍ അസ്വസ്ഥത തോന്നുന്നതും ഉറക്കം കിട്ടാത്തതുമെല്ലാം കാല്‍സ്യത്തിന്റെ കുറവുകൊണ്ടാകാം. ആരോഗ്യകരമായ ഉറക്കചക്രത്തിന് ആവശ്യമായ മെലറ്റോണിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാന്‍ കാല്‍സ്യം സഹായിക്കും. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ടുമാത്രം ഉറക്കം വരണമെന്നില്ല. മറിച്ച് പതിവായി ശരീരത്തില്‍ കാല്‍സ്യം ഉറപ്പാക്കുന്നത് ക്രമേണ നല്ല ഉറക്കം ആസ്വദിക്കാന്‍ സഹായിക്കും.