ചെറുപ്പക്കാര്‍ പോലും ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും ഇരയാകുന്നു. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും മൂലം പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഉണ്ടാകുന്നു. ഇത് പിന്നീട് ഹൃദ്രോഗങ്ങള്‍ക്കും കാരണമായേക്കാം. ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ കഴിയുന്ന അത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം..
ഗ്രീന്‍ വെജിറ്റബിള്‍സിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല, നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ വളരെ പ്രധാനമാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇവ. കാലെ, ബ്രൊക്കോളി, സ്പിനാച്ച് തുടങ്ങിയ ഗ്രീന്‍ വെജിറ്റബിള്‍സൊക്കെ നാരുകളാല്‍ സമ്പന്നമാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികളില്‍ കലോറി കുറവും പോഷകങ്ങള്‍ കൂടുതലുമാണ്. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്ന നിരവധി സംയുക്തങ്ങള്‍ ഇതില്‍ കാണപ്പെടുന്നു. ബ്ലൂബെറി, സ്‌ട്രോബെറി എന്നിവയില്‍ ഇത് പഴങ്ങള്‍ക്ക് നിറം നല്‍കുന്ന ആന്തോസയാനിന്‍ എന്ന മൂലകം അടങ്ങിയിട്ടുണ്ട്. ഈ പിഗ്മെന്റ് ശക്തമായ ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമായ ശരീര വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ലയിക്കുന്ന നാരുകളുടെ ഉറവിടമാണ് ഓട്ട്സ്.അവയില്‍ ബീറ്റാ-ഗ്ലൂക്കന്‍ എന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് കുടലില്‍ കട്ടിയുള്ള ജെല്‍ പോലെയുള്ള പദാര്‍ത്ഥം ഉണ്ടാക്കും ഇതില്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുടുങ്ങുകയും പുറത്തേക്ക് എത്തിക്കുകയും ചെയ്യും. ഭക്ഷണത്തില്‍ ഓട്ട്സ് ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമായ ചീത്ത കൊളസ്ട്രോളിനെ തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആരോഗ്യകരമായ കൊഴുപ്പിന്റെ മികച്ച ഉറവിടമാണ് നട്ട്‌സുകളും വിത്തുകളും.കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ക്കൊപ്പം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.അണ്ടിപ്പരിപ്പ്, ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവയില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
തവിഅരി, ക്വിനോവ തുടങ്ങിയ ധാന്യങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ്.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.