തൊണ്ടവേദനയും അസ്വസ്ഥതയും മാറാൻ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

കൊവിഡ് 19ന് ശേഷം ആളുകളില്‍ ജലദോഷം, തൊണ്ടവേദന, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം കൂടിയതായി പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ വിവിധ തരം വൈറസുകളുടെ ആക്രമണം കൂടിവരികയും ചെയ്തതായി നമുക്ക് കാണാം.ജലദോഷവും തൊണ്ടവേദനയും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നും നീര്‍ക്കെട്ടിനെ തുടര്‍ന്നും വൈറല്‍ അണുബാധകള്‍ പോലുള്ള അണുബാധകളെ തുടര്‍ന്നുമെല്ലാം പിടിപെടാം. എന്തായാലും മറ്റ് ലക്ഷണങ്ങളൊന്നുമില്ലാതെ നേരിയ രീതിയില്‍ തൊണ്ടയില്‍ അസ്വസ്ഥതയോ വേദനയോ മാത്രമാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതെങ്കില്‍ ഇതില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ചെയ്യാവുന്ന ചില 'ടിപ്സ്' ആണിനി പങ്കുവയ്ക്കുന്നത്.

Advertisment

publive-image

ആദ്യം ചെയ്യേണ്ടത് തൊണ്ടയ്ക്ക് നല്ലരീതിയില്‍ വിശ്രമം നല്‍കലാണ്. എപ്പോഴും സംസാരിക്കേണ്ടുന്ന ജോലിയാണ് ചെയ്യുന്നതെങ്കില്‍ ജോലിയില്‍ നിന്ന് അവധിയെടുക്കണം. വീട്ടിലോ സുഹൃത്തുക്കളോടോ എല്ലാമുള്ള സംസാരവും കുറയ്ക്കാം. ഇനി തൊണ്ട വല്ലാതെ 'ഡ്രൈ' ആകുന്നതും വരണ്ടുപൊട്ടുന്നതും തടയാൻ എപ്പോഴും എന്തെങ്കിലും ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാം. വെള്ളം നന്നായി കുടിക്കണം(തണുത്തത് ഒഴിവാക്കുക). ഇതിന് പുറമെ ജ്യൂസുകള്‍, സ്മൂത്തികള്‍, കരിക്ക് പോലുള്ളവയെല്ലാം കഴിക്കാം. തൊണ്ട വയ്യാതിരിക്കുമ്പോള്‍ കഴിവതും പച്ചക്കറികള്‍ പാതി വേവിച്ച സലാഡ്, കഞ്ഞി, പഴങ്ങള്‍, സൂപ്പ് എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കാം.

അതുപോലെ തന്നെ ഇളംചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ഇത് വായില്‍ കൊള്ളുന്നതും ഏറെ നല്ലതാണ്. ഉപ്പുവെള്ളം അല്ലെങ്കില്‍ ഗാര്‍ഗിള്‍ ചെയ്യുന്നതിന് വേണ്ടി തന്നെ ലഭിക്കുന്ന ദ്രാവകങ്ങളുണ്ട്. മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത് ലഭ്യമായിരിക്കും. ഇവയെയും ആശ്രയിക്കാവുന്നതാണ്.ഇതിനെല്ലാം പുറമെ ദിവസത്തില്‍ രണ്ട് തവണയെങ്കിലും ആവി കൂടി കൊള്ളുകയാണെങ്കില്‍ തൊണ്ടയിലെ അസ്വസ്ഥതയ്ക്കും വേദനയ്ക്കും നല്ലരീതിയില്‍ തന്നെ ആശ്വാസം ലഭിക്കും.

ഇവയെല്ലാം തന്നെ വീട്ടിലിരുന്ന് വളരെ എളുപ്പത്തില്‍ ചെയ്ത് നോക്കാവുന്നതേയുള്ളൂ. എന്നാല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമയോ ജലദോഷമോ ഒപ്പം പനി, ശരീരവേദന പോലുള്ള ലക്ഷണങ്ങളോ കണ്ടാല്‍ ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടുന്നതാണ് ഉചിതം.

Advertisment