പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഭൂരിഭാഗം പേരും എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ള ഒന്നാണ് മുട്ട. എന്നാൽ മുട്ട കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കിൽ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. ചില മുട്ടകളിൽ കാണുന്ന അപകടകരമായ ബാക്ടീരിയ നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ബാക്ടീരിയ അടങ്ങിയ മുട്ട എങ്ങനെ തിരിച്ചറിയാമെന്ന് യു എസ് ഡിപ്പാർട്ട്മെന്റ് ഒഫ് അഗ്രിക്കൾച്ചർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ച്, മുട്ടയുടെ വെള്ളയിൽ പിങ്ക് നിറം കണ്ടാൽ അത് കഴിക്കാൻ പാടില്ല എന്നാണ്. കാരണം, ഇത്തരത്തിൽ മുട്ടയുടെ നിറം മാറുന്നത് സ്യൂഡോമോണസ് ബാക്ടീരിയയുടെ ലക്ഷണമാണ്. ഈ ബാക്ടീരിയ ബാധിച്ച മുട്ട കഴിക്കുന്നത് ഭക്ഷ്യവിഷബാധയോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ തന്നെ മുട്ടയുടെ വെള്ള ഭാഗത്ത് എന്ത് തരത്തിലുള്ള നിറ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലും അത് കഴിക്കാൻ പാടുള്ളതല്ല.
പൗൾട്രി സയൻസിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് കേടായ മുട്ടകളുടെ മണത്തിൽ വ്യത്യാസമുണ്ടാകും. എന്നാൽ ബാക്ടീരിയ അടങ്ങിയിട്ടുള്ള മുട്ടയിൽ ഇങ്ങനെ മണം ഉണ്ടായിരിക്കില്ല, വെള്ളയിലുണ്ടാകുന്ന നിറവ്യത്യാസത്തിലൂടെ മാത്രമേ നമുക്ക് ഇക്കാര്യം തിരിച്ചറിയാൻ സാധിക്കുകയുള്ളു.