ആഴ്ച്ചയിൽ എണ്ണായിരം ചുവടുകൾ വെച്ചുതുടങ്ങാൻ ചില ടിപ്സുകൾ നോക്കാം..

New Update

ജീവിതശൈലീ രോ​ഗങ്ങളെ ചെറുക്കുന്നതിൽ വ്യായാമത്തിന് വളരെ വലിയ പങ്കുണ്ട്. ചെറിയൊരു നടത്തം പോലും ശീലമാക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. നടത്തത്തിന്റെ ​ഗുണത്തെക്കുറിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ആഴ്ച്ചയിൽ എണ്ണായിരം ചുവടുകൾ വെക്കുന്നത് അകാല മരണസാധ്യത കുറയ്ക്കും എന്നാണ് പുതിയൊരു പഠനം പറയുന്നത്. 2005-2006 കാലയളവിലാണ് നിരീക്ഷണം. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണായിരം ചുവടുകൾ വെക്കുന്നവർ അല്ലാത്തവരെ അപേക്ഷിച്ച് പത്തുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് ​ഗവേഷകർ കണ്ടെത്തി. ആഴ്ച്ചയിൽ ഇതിൽ കൂടുതൽ നടക്കുന്നവരിൽ വീണ്ടും മരണസാധ്യത കുറയുകയാണെന്നും ​ഗവേഷകർ വ്യക്തമാക്കി. അറുപത്തിയഞ്ചു വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് നടത്തം ആരോ​ഗ്യത്തിന് കൂടുതൽ ​ഗുണകരമായത്.

Advertisment

publive-image

നടത്തത്തിന്റെ ആരോ​ഗ്യവശങ്ങളെക്കുറിച്ച് അടുത്തിടെയും പഠനങ്ങൾ നടന്നിരുന്നു. ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ ഈ മാസമാദ്യം ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരുന്നു. പ്രസ്തുത പഠനവും നടത്തം മരണസാധ്യത കുറയ്ക്കുന്നതിനെ കുറിച്ചുളള വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. കേംബ്രിജ് സർവകലാശാലയിലെ ​ഗവേഷകരായിരുന്നു പഠനത്തിനു പിന്നിൽ. നടത്തം ഉൾപ്പെടെയുള്ള ശാരീരിക വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരിൽ അകാലമരണം പത്തുശതമാനത്തോളം തടയാം എന്നായിരുന്നു പഠനത്തിൽ പറഞ്ഞിരുന്നത്.

മിതമായ ശാരീരിക വ്യായാമങ്ങൾ ഹൃദ്രോ​ഗങ്ങളും കാൻസറും പ്രതിരോധിക്കാൻ സഹായിക്കുമെന്നും പഠനം വ്യക്തമാക്കിയിരുന്നു. ദിവസത്തിൽ പതിനൊന്ന് മിനിറ്റെങ്കിലും നടത്തം ഉൾപ്പെടെയുള്ള മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഹൃദ്രോ​ഗം, സ്ട്രോക്ക്, പലവിധം കാൻസറുകൾ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. ആഴ്ച്ചയിൽ എഴുപത്തിയഞ്ച് മിനിറ്റോളം ഇത്തരം വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ഹൃദ്രോ​ഗ സാധ്യത 17 ശതമാനവും കാൻസർ സാധ്യത ഏഴുശതമാനവും കുറയ്ക്കുമെന്നും ​ഗവേഷകർ കണ്ടെത്തിയിരുന്നു.

ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം മരണത്തിനു കാരണമാകുന്ന പ്രധാനരോ​ഗങ്ങളിൽ ഹൃ​ദ്രോ​ഗവും സ്ട്രോക്കുമാണ് മുന്നിൽ. 2019ലെ കണക്കു പ്രകാരം ആ​ഗോളതലത്തിൽ പ്രതിവർഷം 17.9 മില്യൺ പേരുടെ ജീവനാണ് ഈ രോ​ഗങ്ങൾ കവരുന്നത്. 2017ലെ കണക്കുകൾ പ്രകാരം 9.6 മില്യൺ ആളുകളുടെ മരണത്തിന് കാരണമാകുന്നത് പലവിധ കാൻസറുകളാണ്.

ആഴ്ച്ചയിൽ എണ്ണായിരം ചുവടുകൾ വെച്ചുതുടങ്ങാൻ ചില ടിപ്സ്

  • രണ്ടുനില കെട്ടിടം കയറുമ്പോഴെങ്കിലും ലിഫ്റ്റ് ഒഴിവാക്കി നടക്കാൻ ശീലിക്കുക.
  • ഓരോ മണിക്കൂറിലും ഇടവേളയെടുത്ത് അൽപം നടന്നുവരാം.
  • ഫോൺകോൾ വരുമ്പോൾ നടന്ന് സംസാരിക്കുന്നത് ശീലമാക്കാം.
  • വലിയ കുപ്പികളിൽ വെള്ളം നിറയ്ക്കുന്നതിനു പകരം ചെറിയ കുപ്പികളെടുക്കാം. അപ്പോൾ ഇടയ്ക്കിടെ വെള്ളം നിറയ്ക്കാനായി നടക്കാം.
Advertisment