ഒരാളുടെ ശാരീരിക, മാനസിക, വൈകാരിക അഭിവൃദ്ധിക്ക് ഉറക്കം വളരെ പ്രധാനമാണ്. സ്ത്രീകളെയും പുരഷന്മാരെയും ഒരുപോലെ ബാധിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഉറക്കക്കുറവ് ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടാറുണ്ട്. അതുമാത്രമല്ല ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് ശരീരത്തില്‍ ടിഷ്യ റിപ്പെയര്‍, കോശ വളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ നടക്കുന്നത്.
പതിവായി ഉറക്കക്കുറവ് അലട്ടുന്നുണ്ടെങ്കില്‍ അതിന് കാരണം സമ്മര്‍ദ്ദവും ഉത്കണ്ഠയും മാത്രമായിരിക്കില്ല. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ തടസ്സപ്പെടുത്താന്‍ കാരണമാകുകയും ചെയ്യും. ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട് ഉറക്കം സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഹോര്‍മോണ്‍ ഉത്പാദനമാണ്. ഉറക്കക്കുറവ് മൂലം ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ചില ഹോര്‍മോണുകള്‍ സുലഭമായി ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ ചിലതിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാകും.
സ്ത്രീകളില്‍ അണ്ഡോത്പാദനം, ആര്‍ത്തവം എന്നിവയെ ക്രമമില്ലാത്ത ഉറക്കം ദോഷകരമായി ബാധിക്കുമ്പള്‍ പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം, രൂപം എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥ ലിബിഡോ കുറയുന്നതിനും കാരണമാകും. ഇത്തരം രാസമാറ്റങ്ങള്‍ പങ്കാളികള്‍ക്കിടയിലെ ബന്ധത്തില്‍ പോലും തടസ്സം സൃഷ്ടിച്ചേക്കാം.
ഒരാള്‍ ദിവസവും ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുകയും ചെയ്യരുത്. ഉറക്കക്കുറവ് മാത്രമല്ല കൂടുതല്‍ ഉറങ്ങുന്നതും പ്രത്യുത്പാദനശേഷിയെ ബാധിക്കും. വ്യായാമം, എന്നും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത്, ഫോണ്‍, ടിവി തുടങ്ങിയവയില്‍ ചിലവഴിക്കുന്ന സമയം കുറയ്ക്കുക, കിടപ്പുമുറിയിലെ വെളിച്ചം ക്രമീകരിക്കുക എന്നിവയാണ് ഉറക്കത്തെ വരുതിയിലാക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍.