ഉദാസീനമായ ജീവിതശൈലി, പ്രായം, സമ്മർദ്ദം, ആരോഗ്യപ്രശ്‌നങ്ങൾ അങ്ങനെ പല കാരണങ്ങളും നിരത്തുമെങ്കിലും സെക്‌സ് ലൈഫ് മെച്ചപ്പെടുത്താനും വഴികളുണ്ട്. നല്ല ഭക്ഷണക്രമം തന്നെയാണ് ഏറ്റവും മികച്ച പോംവഴി. ലൈംഗിക പ്രകടനം മെച്ചപ്പെടുത്താനുള്ള ഭക്ഷണങ്ങൾ അന്വേഷിച്ച് അധികം പോകേണ്ടതില്ല.
ബീറ്റ്റൂട്ട് നിങ്ങളുടെ പ്ലേറ്റിൽ മാത്രമല്ല പ്രണയ ജീവിതത്തിനും നിറം പകരും. ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകൾ ശരീരത്തിലെ നൈട്രിക് ഓക്സൈഡായി മാറും. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുകയും ലൈംഗികാസക്തി ഉത്തേജിപ്പിക്കുകയും ചെയ്യും.
വേനൽക്കാലത്ത് ഏറ്റവും അനുയോജ്യമായ പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. നൈട്രിക് ഓക്സൈഡ്, ശരീരത്തെ പ്രോട്ടീൻ നിർമ്മിക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ എൽ-ആർജിനെൻ, എന്നിവ ഉത്പാദിപ്പിക്കുന്ന സംയുക്തം തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ലൈംഗികാസക്തിയിലേക്ക് നയിക്കാൻ ഇത് നല്ലതാണ്.
ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ തന്നെ കുറവായിരിക്കും അല്ലേ?, ഒരു ചെറിയ കഷ്ണം ഡാർക്ക് ചോക്ലേറ്റ് പോലും സമ്മർദ്ദമകറ്റി വളരെ പെട്ടെന്ന് മൂഡ് മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. ഡാർക്ക് ചോക്ലേറ്റ് തലച്ചോറിലെ സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുകയും ലൈംഗികാഭിലാഷം സൃഷ്ടിക്കുകയും ചെയ്യും.
എന്നും ഒരു പിടി നട്ട്സ് കഴിക്കണമെന്ന് പല വിദഗ്ധരും നിർദേശിക്കാറുണ്ട്. പിസ്ത, കപ്പലണ്ടി, വാൾനട്ട് എന്നിവയിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജ്ജം നൽകും. നട്സിൽ അടങ്ങിയിട്ടുള്ള സിങ്ക് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും.