മനുഷ്യശരീരത്തെ ഹാനീകരമായി തന്നെ ബാധിക്കുന്ന നിരവധി രോഗങ്ങളാണ് നിലവിലുള്ളത്. ജീവിതരീതി കൊണ്ടും പാരമ്പര്യമായും രോഗങ്ങൾ മനുഷ്യരെ അലട്ടുന്നു. എന്നാൽ ഭൂരിഭാഗം രോഗങ്ങളും ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നതാണ്. ഇതിനായി ശരീരത്തിന് വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. കാരണം ഓരോ രോഗത്തിനും അനുബന്ധമായുള്ള ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കാറുണ്ട്.
ഇത്തരത്തിൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒന്നാണ് മൂത്രത്തിൽ വരുന്ന വ്യത്യാസങ്ങൾ. മൂത്രത്തിന്റെ നിറം, ഗന്ധം, കട്ടി എന്നിവ ദിവസവും ശ്രദ്ധിക്കുന്നത് നല്ലതാണ്.
മൂത്രാശയത്തിലെ അണുബാധ, ആണുങ്ങളിൽ കണ്ട് വരുന്ന പ്രോസ്റ്റേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങി ക്യാൻസർ വരെയുള്ള പല പ്രശ്നങ്ങളുടെയും ലക്ഷണമായി മൂത്രത്തിലെ ഘടകങ്ങളിൽ വ്യതിയാനമുണ്ടാകാം. മൂത്രാശയ ക്യാൻസർ സാധാരണയായി വൈകി കണ്ടെത്താൻ സാദ്ധ്യത കൂടുതലാണ്. എന്നാൽ 85 ശതമാനം മൂത്രാശയ ക്യാൻസർ ബാധിതരുടെ മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്താറുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
അതിനാൽ മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തിയാൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ചുവന്ന നിറത്തിൽ കൂടാതെ പിങ്ക് കലർന്ന ചുവപ്പ്, ബ്രൗൺ എന്നീ നിറവ്യത്യാസങ്ങൾ പ്രകടമായാലും വിദഗ്ദ സഹായം തേടാം. മൂത്രത്തിൽ നിറ വ്യത്യാസം വന്നാലും മറ്റു ബുദ്ധിമുട്ടുകളുണ്ടാകണമെന്നില്ല.
ഇടവിട്ടുള്ള മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, അടിവയറ്റിൽ വേദന, തളർച്ച, വിശപ്പില്ലായ്മ, ശരീരവേദന എന്നിവ കൂടി പ്രകടമായാൽ ശ്രദ്ധിക്കുക. എന്നാൽ ഇവയെല്ലാം ക്യാൻസറിന്റെ ലക്ഷണങ്ങൾ തന്നെ ആയിരിക്കണം എന്നത് നിർബന്ധമല്ല. അതിനാൽ തന്നെ കൃത്യമായ പരിശോധനയിലൂടെ മാത്രമേ രോഗബാധിതനാണോ അല്ലയോ എന്നത് സ്ഥിരീകരിക്കാനാകു. എങ്കിലും മൂത്രത്തിൽ രക്തം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തന്നെ ബന്ധപ്പെട്ട ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം.