കുട്ടികളെ വരുതിയ്ക്ക് നിര്‍ത്താന്‍ വഴക്കും തല്ലും ഒക്കെ നാം പരീക്ഷിക്കാറും ഉണ്ട്. എന്നാല്‍
ഒരു പുതിയ പഠനം അനുസരിച്ച്, മാതാപിതാക്കളുടെ രക്ഷാകര്‍തൃ രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സ്വാധീനം ചെലുത്തും. എപ്പിഡെമിയോളജി ആന്‍ഡ് സൈക്യാട്രിക് സയന്‍സസ് എന്ന മെഡിക്കല്‍ ജേണലിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചത്. ഇതിന്റെ ഭാഗമായി അയര്‍ലന്റിലെ 9 മാസം മുതല്‍ 9 വയസ്സ് വരെ പ്രായമുള്ള 7,500-ലധികം കുട്ടികളുടെ വിവരങ്ങള്‍ പഠിച്ചു.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെയും ഗവേഷകരുടെ അഭിപ്രായത്തില്‍, മൂന്നാം വയസ്സില്‍, ദേഷ്യത്തോടെയുളള രക്ഷാകര്‍തൃത്വത്തിന് അഥവാ ഹോസ്‌റ്റെയില്‍ പേരെന്റിങ്ങിന് വിധേയരായ കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരേക്കാള്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 1.5 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി.
മാനസിക പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കണമെങ്കില്‍
കഴിവതും ദേഷ്യത്തോടെയുളള, ശത്രുതാപരമായ രക്ഷകര്‍തൃത്വം ഒഴിവാക്കേണ്ടതാണ്.
സമ്മര്‍ദ്ദം കൂടുതലുളള മാതാപിതാക്കളുടെ കുട്ടികളും കൂടുതല്‍ സമ്മര്‍ദ്ദത്തിലാണെന്നും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളുമായി പൊരുതുന്നവരാണെന്നും ഗവേഷണങ്ങള്‍ കണ്ടെത്തി. ഇത്തരം മാതാപിതാക്കള്‍ അവരുടെ രക്ഷകര്‍തൃ കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.
കുട്ടികളെ എല്ലായ്‌പ്പോഴും ശകാരിക്കുന്നത് ശരിയല്ല. ചെറിയ തെറ്റുകള്‍ക്കും കുട്ടികള്‍ക്ക് വലിയ ശിക്ഷ കൊടുക്കുക, തെറ്റ് ചെയ്തതിന് കുട്ടികളെ മാറ്റി നിര്‍ത്തുക, അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന തരത്തില്‍ വഴക്ക് പറയുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യരുത്. വളരെ സ്‌നേഹത്തില്‍ പെരുമാറുന്ന മാതാപിതാക്കളുടെ കുട്ടികളുടെ വിവരങ്ങളും ഗവേഷകര്‍ പഠിച്ചു. ഇത്തരം കുട്ടികളില്‍ മാനസിക വിഭ്രാന്തി ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി.