സന്തോഷകരവും ആരോഗ്യകരവുമായ സെക്‌സിന് ചില തെറ്റിദ്ധാരണകൾ മാറ്റേണ്ടതുണ്ട്. സെക്‌സ് ചെയ്യുമ്പോൾ വ്യായാമം ചെയ്യുന്നതുപോലെ തോന്നുമെങ്കിലും കട്ടിലിൽ കിടന്നുള്ള ഈ കസർത്ത് നിങ്ങൾ വിചാരിക്കുന്നത്ര ശാരീരിക അധ്വാനം വേണ്ടതല്ല. സെക്‌സ് ഒരു വ്യായാമം ആണെങ്കിലും ശരിയായ വ്യായാമം പോലെ കലോറി കത്തില്ല. അര മണിക്കൂർ മിതമായ തീവ്രതയിൽ എയറോബിക് വ്യായാമങ്ങൾ ചെയ്യുമ്പോൾ 200 കലോറി വരെ കത്തിക്കാൻ കഴിയും. അതേസമയം സെക്സിൽ സാധാരണ 100 കലോറിയിൽ താഴെ മാത്രമേ ഉപയോഗിക്കാറുള്ളൂ.
വളരെ വിരളമാണെങ്കിലും, ആർത്തവസമയത്ത് വേണ്ട സുരക്ഷിയില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭിണിയാകാൻ ചെറിയ സാധ്യതയുണ്ട്. ഒരു സ്ത്രീയുടെ അണ്ഡോത്പാദന കാലയളവ് വ്യത്യാസപ്പെടുകയും ബീജം ഗർഭപാത്രത്തിൽ അഞ്ച് ദിവസം വരെ നിലനിൽക്കുകയും ചെയ്യുമെന്നതിനാൽ ആർത്തവ സമയത്ത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്ന് ഗർഭിണിയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതുമാത്രമല്ല, ആർത്തവ ചക്രത്തിൽ അണ്ഡോല്പാദനം ഏത് സമയത്തും സംഭവിക്കാം.
അതുകൊണ്ട് അനാവശ്യ ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കാൻ എപ്പോഴും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഹോർമോൺ അളവിൽ മാറ്റം വരുത്തിയാണ് ഗർഭനിരോധന ഗുളിക പ്രവർത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ എമർജൻസി പിൽ അടിയന്തര ഘട്ടങ്ങളിൽ കഴിക്കാനുള്ളതാണ്. മറ്റ് ഗർഭനിരോധന മാർഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗുളിക കഴിക്കാമെന്നത് അത്ര വിശ്വസനീയമായ ഉപാദിയുമല്ല.
പെനിട്രേറ്റീവ് സെക്‌സ് ചെയ്യുമ്പോൾ സ്ത്രീകൾക്ക് വളരെ പെട്ടെന്ന് ഓർഗാസം ഉണ്ടാകും എന്നാണ് പലരും ചിന്തിക്കുന്നത്. പോൺ സിനിമകളിലെ നടിമാരുടെ അഭിനയമാണ് ഒരുപക്ഷെ ഇത്തരം ചിന്തകൾക്ക് കാരണം. എന്നാൽ 10,000ത്തോളം നാഢീവ്യൂഹങ്ങൾ സംഗമിക്കുന്ന ക്ലിറ്റോറിസ് വളരെ സെൻസിറ്റീവ് ആണ്. രതിമൂർച്ഛയിലെത്താൻ 75 ശതമാനം സ്ത്രീകൾക്കും ക്ലിറ്റോറൽ ഉത്തേജനം ആവശ്യമാണെന്നാണ് പറയുന്നത്. ക്ലിറ്റോറിസ് യോനിക്ക് പുറത്ത് സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ പെനിട്രേറ്റീവ് സെക്‌സിൽ ഈ രീതിയിൽ ഓർഗാസം കണ്ടെത്തുക പ്രയാസമാണ്.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ (STDs) ലക്ഷണങ്ങൾ രോഗബാധിതനായ ആളിൽ പ്രകടമായി കാണണമെന്നില്ല. എന്നാൽ ഇത് പങ്കാളികൾക്കിടയിൽ പടർന്നേക്കാം. ക്ലമീഡിയ, ഗൊണോറിയ, എച്ച്‌ഐവി തുടങ്ങിയ പല രോഗങ്ങൾക്കും ദൃശ്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. പതിവായി പരിശോധന മാത്രമാണ് ഇത് കണ്ടെത്താനുള്ള മാർഗ്ഗം. ചിലപ്പോൾ ശ്രദ്ധിക്കാൻ കഴിയാത്തത്ര സൂക്ഷ്മമായ ലക്ഷണങ്ങളായിരിക്കും പ്രകടമാകുക.