നമ്മുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളിയുടെ ആരോഗ്യ ഗുണത്തെക്കുറിച്ചുളള പുതിയ പഠനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചെറുകുടലിന്റെ ആവരണത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന പ്രത്യേക രാസവസ്തുക്കള്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ടെന്ന് പെന്‍ സ്റ്റേറ്റ് ഗവേഷകര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിന് വിവിധ രോഗങ്ങള്‍ തടയാന്‍ കഴിയും. ബ്രോക്കോളി ഒരു 'സൂപ്പര്‍ഫുഡ്' ആണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ജേണല്‍ ലബോറട്ടറി ഇന്‍വെസ്റ്റിഗേഷനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രോക്കോളി, കാബേജ്, ബ്രസല്‍സ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ചെറുകുടലിന്റെ ആവരണത്തെ സംരക്ഷിക്കാന്‍ ബ്രോക്കോളി സഹായിക്കുമെന്നും ഈ പഠനം പറയുന്നു.
ഈ പഠനത്തിന്റെ ഭാഗമായി, ഗവേഷകര്‍ എലികളുടെ ഭക്ഷണത്തില്‍ 15 ശതമാനം ബ്രോക്കോളി ഉള്‍പ്പെടുത്തി. മറ്റൊരു കൂട്ടം എലികള്‍ക്ക് ബ്രോക്കോളി ഇല്ലാതെ സാധാരണ ഭക്ഷണം നല്‍കി. ബ്രോക്കോളി നല്‍കാത്ത എലികളില്‍ എഎച്ച്ആര്‍ പ്രവര്‍ത്തനം കുറവാണെന്ന് കണ്ടെത്തി. നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, പ്രോട്ടീന്‍, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് ബ്രൊക്കോളി. ക്യാന്‍സര്‍ ചികിത്സയ്ക്കും ബ്രോക്കോളി ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു. ഇതില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന സള്‍ഫോറഫേന്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ അവകാശപ്പെടുന്നു.