ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ സ്ത്രീക്കും പുരുഷന്മാര്‍ക്കും അവരുടെ പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങൾ നിയന്ത്രിക്കാന്‍ കഴിയും. ആരോഗ്യകരമായ ഭക്ഷണംകഴിക്കുന്നത് മികച്ച പ്രത്യുല്‍പാദന ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെ പ്രധാനമാണ്. പുരുഷന്മാരില്‍, ആന്റി ഓക്‌സിഡന്റുകള്‍, ആല്‍ബുമിന്‍, സെറുലോപ്ലാസ്മിന്‍, ഫെറിറ്റിന്‍ മുതലായവ ബീജത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഒരു സ്ത്രീയുടെ ഭക്ഷണ രീതി അവരുടെ അണ്ഡോത്പാദനത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന ‘ഫെര്‍ട്ടിലിറ്റി ഡയറ്റ്’ സ്‌കോറുള്ള സ്ത്രീകളിൽ ഉയര്‍ന്ന അളവിലുള്ള വെജിറ്റബിള്‍ പ്രോട്ടീനും കുറഞ്ഞ അളവിലുള്ള ഗ്ലൈസെമിക് ഇൻഡെക്സുമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നിര്‍ദ്ദിഷ്ട മള്‍ട്ടി വിറ്റാമിനുകള്‍ കഴിക്കുന്നത് അണ്ഡോത്പാദന വൈകല്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നു. ഭാരവും ബോഡി മാസ് ഇന്‍ഡക്‌സും പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്.
പുരുഷന്മാരിലെ ഉയര്‍ന്ന ബിഎംഐ ഉദ്ധാരണശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇതിന് പുറമെ, ഇത് ആരോഗ്യകരമായ ബീജങ്ങളുടെ എണ്ണം കുറക്കുകയും ചെയ്യുന്നു. സ്ത്രീകളിലെ ഉയര്‍ന്ന ബിഎംഐ അണ്ഡോത്പാദനത്തെ ബാധിക്കും. സിഗരിറ്റില്‍ 4,000 രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് പറയുന്നത്. പുകവലിക്കുന്ന പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണത്തിലും, ചലനശേഷിയും കുറവുണ്ടാകും. സ്ത്രീകളിൽ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം കുറയുന്നതിനും ഇത് കാരണമാകും.
അണ്ഡാശയത്തിലെയും ഫാലോപ്യന്‍ ട്യൂബിലെയും ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനത്തിലെയും പ്രശ്നങ്ങളും ഹോര്‍മോണ്‍ നിലയിലെ ഏറ്റക്കുറച്ചിലുകളും പുകവലിക്കാരായ സ്ത്രീകളില്‍ കാണപ്പെടാറുണ്ട്. ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നു. ശാരീരികമോ സാമൂഹികമോ മനഃശാസ്ത്രപരമോ ആകട്ടെ, സമ്മര്‍ദ്ദം ഏതൊരു ആളിനെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. സമ്മര്‍ദം, പരിശോധന, രോഗനിര്‍ണയം, ചികിത്സകള്‍, പരാജയങ്ങള്‍, സാമ്പത്തിക ചെലവുകള്‍ എന്നിവ കാരണം വന്ധ്യത തന്നെ ആളുകളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നാണ്.