പാചകം ചെയ്യുന്നതിനു മുൻപായി ചില ധാന്യങ്ങളും പയർവർഗങ്ങളും കുതിർക്കേണ്ടതുണ്ട്. കാരണം ഇവയിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനത്തിനും ഇവയെ ശരീരത്തിന് വിഘടിപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഇവ കുതിർത്ത വെള്ളം ഉപയോഗിക്കണോ അതോ കളയണോയെന്ന് നോക്കാം.
ധാന്യങ്ങളും പയർവർഗങ്ങളും കുതിർത്ത വെള്ളം വെറുതെ കളയുന്നത് നല്ല ശീലമല്ല. കുതിർത്ത വെള്ളത്തിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. പോഷകാഹാര ഗുണം ലഭിക്കുന്നതിന് ഈ വെള്ളം പാചകം ചെയ്യാൻ ഉപയോഗിക്കുക. കുതിർത്ത വെള്ളത്തിൽ ആന്റി ന്യൂട്രിയന്റുകളുണ്ടെന്നും വെള്ളം കളയണമെന്നുമാണ് പൊതുവെയുള്ള തെറ്റിദ്ധാരണ.
ധാന്യങ്ങളോ പയർവർഗങ്ങളോ കുതിർത്ത വെള്ളം വെറുതെ കളയാതെ മറ്റു നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. എന്നിരുന്നാലും, ധാന്യങ്ങൾ കുതിർത്ത വെള്ളത്തിൽ ബാക്ടീരിയകളോ മറ്റ് മാലിന്യങ്ങളോ അടങ്ങിയിരിക്കാമെന്നതിനാൽ അവ ജാഗ്രതയോടെ ഉപയോഗിക്കണം.
ഈ വെള്ളത്തിൽ ആന്റിന്യൂട്രിയന്റുകൾ അടങ്ങിയിട്ടില്ല. ധാന്യങ്ങളിലോ പയറുവർഗങ്ങളിലോ അടങ്ങിയിരിക്കുന്ന ഫൈറ്റേറ്റുകൾ (ഫൈറ്റിക് ആസിഡ്) ധാതുക്കളുമായി ചേരുന്നില്ല. അതിനാൽ തന്നെ കുതിർക്കുമ്പോൾ അവ വെള്ളത്തിൽ ലയിക്കുന്നില്ല. എന്നാൽ വിറ്റാമിൻ ബി പോലെയുള്ള വിറ്റാമിനുകൾ വെള്ളത്തിൽ ലയിക്കുന്നു.