എത്രയൊക്കെ ടെസ്റ്റുകൾ ചെയ്ത ശേഷം ‘കുഴപ്പമില്ല’ എന്നു സമാധാനിപ്പിച്ചാലും വീണ്ടും കുറച്ചുനാൾ കഴിഞ്ഞ് ഈ ഭയം മടങ്ങിയെത്തും. ഈ അവസ്ഥയെ ‘രോഗഭീതി ഉത്കണ്ഠ’ എന്നാണു വിശേഷിപ്പിക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങൾ പോലും വലിയ രോഗങ്ങളുടെ ലക്ഷണമായി ഇവർ തെറ്റിദ്ധരിക്കും. ഉദാഹരണത്തിന് ഒരു ചുമ വന്നാൽ ഉടൻതന്നെ ശ്വാസകോശാർബുദം ഉണ്ടോ എന്നു ഭയപ്പെടും.
ബാല്യകാലത്തുണ്ടാകുന്ന വേദനാജനകമായ ജീവിതാനുഭവങ്ങളും അടുത്ത ബന്ധുക്കൾക്ക് ഗുരുതരമായ രോഗം ബാധിച്ചതു കാണേണ്ടി വന്നതും വൈകാരികമായ ഒറ്റപ്പെടലുമൊക്കെ ഈ അവസ്ഥയിലേക്കു നയിക്കാമെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ ഇതു കൂടുതലായി കണ്ടുവരുന്നുണ്ട്.
വയോജനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും പരിശോധനകൾ നടത്തി ഗൗരവസ്വഭാവമുള്ള രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാ പരിശോധനകളും നടത്തിയിട്ടും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു കണ്ടാൽ മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സയിലൂടെ രോഗഭീതി പരിഹരിക്കാൻ സാധിക്കും.
തലച്ചോറിലെ നോർഎപ്പിനെഫ്രിൻ, ഗാബ, എന്നീ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകൾ രോഗഭീതി കുറയ്ക്കാൻ ഫലപ്രദമാണ്. ഇതോടൊപ്പം ചിന്താഗതിയിലെ വൈകല്യങ്ങൾ പരിഹരിക്കാൻ ആവശ്യമായ ബൗദ്ധിക പെരുമാറ്റ ചികിത്സ നൽകുന്നതും ഗുണകരമായിരിക്കും. ദീർഘശ്വസന വ്യായാമങ്ങൾ, പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ തുടങ്ങിയ പരിശീലനങ്ങളും ചിട്ടയായ ശാരീരിക വ്യായാമങ്ങളും ഇവർക്ക് ഗുണകരമായിരിക്കും.