കുട്ടിക്കാലത്ത് പലവിധ മാനസിക ആഘാത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവര്‍ വളര്‍ന്ന് വലുതാകുമ്പോൾ ദേഷ്യക്കാരായി മാറാനുള്ള സാധ്യത അധികമാണെന്ന് പഠനം. വിഷാദരോഗവും ഉത്കണ്ഠയും ഉള്ളവരില്‍ ഇത് പ്രത്യേകിച്ചും ദൃശ്യമാകാമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മാനസിക ആഘാതങ്ങളുടെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് കുട്ടി വലുതാകുമ്പോൾ ഉണ്ടാകുന്ന ദേഷ്യത്തിന്‍റെ തോതും അധികമായിരിക്കുമെന്ന് ഗവേഷണം ചൂണ്ടിക്കാട്ടി.
നെതര്‍ലന്‍ഡ് സ്റ്റഡി ഓഫ് ഡിപ്രഷന്‍ ആന്‍ഡ് ആന്‍സൈറ്റിയുടെ ഡേറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. 18നും 65നും ഇടയില്‍ പ്രായമുള്ള 2300 പേരുടെ വിവരങ്ങള്‍ ഇതിന്‍റെ ഭാഗമായിരുന്നു. ഇവരുടെ ശരാശരി പ്രായം 42. ഇവരില്‍ 66 ശതമാനവും സ്ത്രീകളുമായിരുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കളെ നഷ്ടമാകുന്ന സാഹചര്യം, മാതാപിതാക്കളുടെ വേര്‍പിരിയല്‍, ഫോസ്റ്റര്‍ കെയറില്‍ പോകേണ്ട സാഹചര്യം, വൈകാരികവും, ശാരീരികവും ലൈംഗികവുമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥ എന്നിവയെല്ലാം ഗവേഷകര്‍ വിലയിരുത്തി.
ഇതില്‍ നിന്നാണ് കുട്ടിക്കാലത്തെ ദുരനുഭവങ്ങളും പില്‍ക്കാലത്തെ ദേഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ നിരീക്ഷിച്ചത്. സാമൂഹിക വിരുദ്ധ വ്യക്തിത്വ സ്വഭാവങ്ങളുമായും ഇതിന് ബന്ധമുള്ളതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. വൈകാരികമായി അവഗണിക്കപ്പെട്ടവരും ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നവരുമായ വിഷാദ, ഉത്കണ്ഠ രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദേഷ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത 1.3 മുതല്‍ രണ്ട് മടങ്ങ് അധികമാണെന്നും പഠനത്തില്‍ കണ്ടെത്തി.