ഭക്ഷണത്തിൽ എരിവ് രുചി വല്ലാതെ കൂടിപ്പോയാൽ നമ്മിൽ പലർക്കും അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. മുളക് കടിച്ച് എരിവ് വന്ന് കണ്ണിലും മൂക്കിലുമെല്ലാം വെള്ളം നിറയുകയും ഒക്കെ ചെയ്യുമ്പോൾ ആശ്വാസത്തിന് നാം ആദ്യം തേടുന്ന വഴിയാണ് ഇത്തിരി തണുത്തവെള്ളം കുടിച്ചേക്കാം എന്നത്. പക്ഷെ ഇത് അത്ര നല്ല മാർഗമല്ല എന്നാണ് വിദഗ്ദ്ധാഭിപ്രായം.
ക്യാപ്‌സെയ്‌സിൻ എന്ന സംയുക്തമാണ് മുളകിൽ എരിവിന് കാരണമായ പുകച്ചിലടക്കം ഉണ്ടാക്കുന്നത്. കുരുമുളകിലും ഇവയുണ്ട്. ക്യാപ്‌സെയ്‌സിന്റെ ഫലം കൊണ്ട് എരിവ് വർദ്ധിച്ച് നമ്മൾ വിയർക്കുകയും കണ്ണിൽ നിന്നും വെള്ളം വരികയും ഒക്കെചെയ്‌താൽ അൽപം തണുത്തവെള്ളം കുടിച്ചാൽ അത്ര നിമിഷത്തേക്ക് അത് ആശ്വാസം നൽകും. എന്നാൽ ഇതേ ക്യാപ്‌സെയ്‌സിനെ വെള്ളം നാവിലാകെ പടർത്തുന്നതുകൊണ്ട് അതിന് ശേഷം എരിവിന്റെ ബുദ്ധിമുട്ട് കൂടാനിടയാകും.
എരിവ് കുറയ്‌ക്കാൻ പാല് നല്ലതാണ്. അതുപോലെ തന്നെ നല്ലതാണ് തണുത്ത തൈര്. ഇത് എരിവ് കാരണമുള്ള വയറിന്റെ എരിച്ചിൽ അകറ്റും. ഒപ്പം അധികമായി എരിവ് ചെന്നാലുള്ള അൾസർ അടക്കം രോഗങ്ങളെ ശമിപ്പിക്കും. തണുത്ത ഐസ്‌ക്രീമും ഇതുപോലെ വയറിലെ എരിവിന്റെ പുകച്ചിൽ പ്രശ്‌നങ്ങൾ അകറ്റാനും വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു.