വേനലാകുമ്പോള്‍ ആളുകള്‍ ഏറ്റവുമധികം കഴിക്കാനാഗ്രഹിക്കുന്നൊരു പാനീയമാണ് നാരങ്ങാവെള്ളം അഥവാ ലെമണ്‍ ജ്യൂസ്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസായതിനാല്‍ തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ പേരും ചെറുനാരങ്ങയെ ആശ്രയിക്കാറുണ്ട്. അതുപോലെ തന്നെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചെറുനാരങ്ങ വലിയ രീതിയില്‍ സഹായകമാണ്.ഇതിനെല്ലാം പുറമെ ചെറുനാരങ്ങാനീര് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ചിലരില്‍ കണ്ണുകളില്‍ നീറ്റല്‍, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവയുണ്ടാകുമത്രേ.
വൈറ്റമിൻ-സി
ചെറുനാരങ്ങ, വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസാണെന്ന് പറഞ്ഞുവല്ലോ. വൈറ്റമിൻ-സി കണ്ണുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും ജൈവികമായി പരിഹരിക്കാൻ സഹായിക്കുന്ന ഘടകമാണ്.
വൈറ്റമിൻ-എ
വൈറ്റമിൻ-എയുടെയെും നല്ലൊരു സ്രോതസാണ് ചെറുനാരങ്ങ. ഇത് കാഴ്ചാശക്തി വര്‍ധിപ്പിക്കുന്നതിനാണ് ഏറെ സഹായകമായിവരുന്നത്. വൈറ്റമിൻ-എ കുറവാകുന്നത് പലരിലും കാഴ്ച മങ്ങുന്നതിലേക്ക് നയിക്കാറുണ്ട്.
ലൂട്ടിൻ...
ചെറുനാരങ്ങയില്‍ 'ലൂട്ടിൻ', 'സിയാക്സാന്തിൻ' എന്നിങ്ങനെ രണ്ട് തരം പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളെ ബാധിക്കുന്ന പല അസുഖങ്ങളെയും പ്രതിരോധിക്കാൻ ഏറെ സഹായകമാണ്.
രക്തക്കുഴലുകളെ ശക്തിപ്പെടുത്താൻ...
ചെറുനാരങ്ങയിലുള്ള വൈറ്റമിൻ-സി നമ്മുടെ രക്തക്കുഴലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് കണ്ണിലേക്കുള്ള രക്തയോട്ടം സുഗമമാക്കുകയും കാഴ്ചയും കണ്ണിന്‍റെ ആകെ ആരോഗ്യവുമെല്ലാം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മറ്റ് ഗുണങ്ങള്‍...
ചെറുനാരങ്ങയ്ക്ക് പല ആരോഗ്യഗുണങ്ങളുമുണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, വണ്ണം കുറയ്ക്കുന്നതിനും, മൂത്രത്തില്‍ കല്ല്- വിളര്‍ച്ച പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും, ദഹനം കൂട്ടുന്നതിനും എല്ലാം ചെറുനാരങ്ങ ഏറെ സഹായകമാണ്. ചിലയിനം ക്യാൻസറുകളെ പ്രതിരോധിക്കുന്നതിന് വരെ നാരങ്ങയ്ക്ക് കഴിവുള്ളതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.