ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മുൻകാലങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യത്തിന് അല്‍പം കൂടി പ്രാധാന്യം ഇന്ന് ലഭിക്കുന്നുണ്ടെന്ന് പറയാം. എങ്കിലും ആളുകള്‍ക്കിടയില്‍ ഇപ്പോഴും വേണ്ടത്ര അവബോധം ഈ വിഷയത്തില്‍ ഇല്ല എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് തന്നെ വ്യക്തികള്‍ക്ക് സ്വയം പോലും മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ട കാര്യങ്ങള്‍ ചെയ്യാൻ സാധിക്കാറുമില്ല. നിത്യജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ മാനസികാരോഗ്യത്തെ വളരെ പ്രത്യക്ഷമായി, വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഒന്ന്...
ഉറക്കമില്ലായ്മയാണ് ഇക്കൂട്ടത്തില്‍ പെടുന്ന പ്രധാനപ്പെട്ട ഒരു വിഷയം. ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് വിഘ്നം വരുന്ന രീതിയിലുള്ള ജീവിതരീതി ആദ്യം ബാധിക്കുന്നത് മാനസികാരോഗ്യത്തെ ആയിരിക്കും. ഉത്കണ്ഠ, വിഷാദം, കുറഞ്ഞ ഉത്പാദനക്ഷമത, ഓര്‍മ്മക്കുറവ്, ചിന്താശേഷിയില്‍ കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും ഉറക്കക്കുറവ് മൂലം ഉണ്ടാകാം.
രണ്ട്...
അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ഇതിന് 'അഡിക്ട്' ആകുന്നതും ഇതുപോലെ മാനസികാരോഗ്യനിലയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ക്രമേണ ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് വ്യക്തിയെ നയിക്കാനും ഉത്പാദനക്ഷമത കുറഞ്ഞ് ജോലിയെ ബാധിക്കാനും അത് വ്യക്തിജീവിതം മോശമാക്കാനുമെല്ലാം ഇത് കാരണമായി വരുന്നു.
മൂന്ന്...
മോശം ആഹാരരീതിയും നമ്മുടെ മാനസികാരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം പോഷകങ്ങളെല്ലാം ബാലൻസ് ചെയ്യുന്ന രീതിയില്‍ സമയത്തിന് കഴിച്ച് ശീലിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലാത്തപക്ഷം ആഹാരത്തിലെ പോരായ്കകളും സ്ട്രെസും ഉത്കണ്ഠയും നിരാശയുമെല്ലാം ഉണ്ടാക്കാം.
നാല്...
ചെയ്യാനുള്ള കാര്യങ്ങള്‍ അത് ജോലിയുമായി ബന്ധപ്പെട്ടതായാലും വീടുമായി ബന്ധപ്പെട്ടതായാലും വ്യക്തിജീവിതത്തിലേതായാലും പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന ശീലം പലരിലും കാണാം. ഈ ശീലം പതിവാക്കുന്നതും നിങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം.
അഞ്ച്...
ചിലര്‍ സ്വയം സംസാരിക്കുന്നത് കണ്ടിട്ടില്ലേ? യഥാര്‍ത്ഥത്തില്‍ സ്വയം സംസാരിക്കുകയെന്നത് 'അബ്നോര്‍മല്‍' ആയ കാര്യമല്ല. എന്നാല്‍ നെഗറ്റീവായ രീതിയിലുള്ള സ്വയം സംസാരം അത്ര നല്ലതല്ല. ഇത് ക്രമേണ മാനസികാരോഗ്യത്തെ മോശമായി ബാധിക്കാം.
ആറ്...
ചെയ്യുന്ന കാര്യങ്ങളില്‍ 'പെര്‍ഫെക്ഷൻ' വേണമെന്നാഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ എന്തിലും ഏതിലും 100 ശതമാനം 'പെര്‍ഫെക്ഷൻ' വേണമെന്ന ശാഠ്യം ഒരു രീതിയിലും നല്ലതല്ല. അത് ക്രമേണ മാനസികാരോഗ്യത്തെ മോശമായി ബാധിക്കാം.
ഏഴ്...
കായികാധ്വാനം ഏതുമില്ലാത്ത ജീവിതരീതിയും തീര്‍ച്ചയായും മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. അതിനാല്‍ തന്നെ എല്ലാ ദിവസവും അല്‍പസമയം വ്യായാമത്തിന് വേണ്ടിയോ, ശരീരം നല്ലരീതിയില‍് അനങ്ങുന്ന തരത്തിലുള്ള ജോലിക്ക് വേണ്ടിയോ എല്ലാം മാറ്റിവയ്ക്കണം.
എട്ട്...
മറ്റുള്ളവരില്‍ നിന്ന് സ്വയം മാറിനില്‍ക്കുന്ന സ്വയം ഒറ്റപ്പെടുത്തുന്ന പ്രവണതയും മാനസികാരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്കെല്ലാം നയിക്കാം. ഇക്കാര്യങ്ങളും എപ്പോഴും ശ്രദ്ധിക്കുക.