ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

വിഭവങ്ങളില്‍ ചേര്‍ക്കുന്നൊരു ചേരുവ മാത്രമായിട്ടല്ല ഇഞ്ചിയെ കണക്കാക്കപ്പെടുന്നത്. മറിച്ച്, പരമ്പരാഗതമായിത്തന്നെ ഔഷധഗുണമുള്ള ഒന്നായിട്ടാണ് ഇഞ്ചിയെ കരുതുന്നതും ഉപയോഗിക്കുന്നതും. പ്രത്യേകിച്ച് ധാരാളം പേരില്‍ കാണുന്ന ദഹനപ്രശ്നങ്ങള്‍ പോലുള്ള പതിവ് പ്രയാസങ്ങളെ പ്രതിരോധിക്കാനും ആശ്വാസം കണ്ടെത്താനുമാണ് ഇഞ്ചി ഉപയോഗപ്പെടുന്നത്. മിക്കവാറും പേരും ഇഞ്ചി വാങ്ങി എയര്‍ടൈറ്റ് കണ്ടെയ്നറിലാക്കി ഫ്രഡ്ജില്‍ സൂക്ഷിക്കുന്നതാണ് പതിവ്. അതല്ലെങ്കില്‍ മുറിയിലെ താപനിലയില്‍ തന്നെ വയ്ക്കാം.

Advertisment

publive-image

എന്നാല്‍ ഇഞ്ചി എളുപ്പത്തില്‍ ആവശ്യങ്ങള്‍ക്കെടുത്ത് ഉപയോഗിക്കാൻ, വിശേഷിച്ചും ആരോഗ്യത്തിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ ഇഞ്ചി പൊടിച്ച് സൂക്ഷിക്കുന്നതാണ് ഉചിതം. എന്നാല്‍ ഇഞ്ചി പൊടിച്ച് എടുത്തുവയ്ക്കുന്നത് അധികവീടുകളിലും കാണാത്തൊരു പതിവാണ്. ഇത് ശീലിച്ചുകഴിഞ്ഞാല്‍ വെള്ളം തിളപ്പിക്കുമ്പോഴും സലാഡ് പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കുമ്പോഴും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ ചെറുനാരങ്ങാനീരിനോ തേനിനോ ഒപ്പമെല്ലാം കഴിക്കാനുമെല്ലാം ഏറെ എളുപ്പമായിരിക്കും.

അധികം പ്രയാസമില്ലാതെ തന്നെ ഇഞ്ചിപ്പൊടി ഉണ്ടാക്കാൻ കഴിയും. ഇതിനായി ആദ്യം ഫ്രഷായ ഇഞ്ചി തെരഞ്ഞെടുക്കണം. ഇവ നന്നായി കഴുകിയ ശേഷം വെള്ളം മുഴുവനായും പോകാൻ വയ്ക്കണം. വെള്ളം പോയിക്കഴിഞ്ഞാല്‍ ഇഞ്ചിയുടെ തൊലി ചിരണ്ടി ഇത് ചെറുതായി മുറിക്കണം. ചെറുതായി മുറിക്കല്‍ നിര്‍ബന്ധമാണ്. കാരണം ഇതിലെ ജലാംശം മുഴുവൻ കളയലാണ് അടുത്ത ഘട്ടം. ഇതിന് ഇഞ്ചി എത്രയും ചെറുതാക്കുന്നോ അത്രയും എളുപ്പമായിരിക്കും.

ഇഞ്ചി ഉണക്കുന്നതാണ് ഇനി ചെയ്യാനുള്ളത്. പരന്ന ഒരു ട്രേയില്‍ മുറിച്ചുവച്ച ഇഞ്ചി കഷ്ണങ്ങള്‍ ഇടയില്‍ ഗ്യാപ് വച്ച് തന്നെ സൂര്യപ്രകാശത്തില്‍ ഉണക്കാൻ വയ്ക്കണം. ഒമ്പതോ പത്തോ ദിവസങ്ങളെങ്കിലും ഇത് ചെയ്യണം. അതല്ലെങ്കില്‍ ഓവൻ ഉപയോഗിച്ചും ഇഞ്ചി ഉണക്കിയെടുക്കാം. 150 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനുറ്റ് നേരത്തേക്ക് ബേക്ക് ചെയ്താല്‍ മതിയാകും. ശേഷവും ജലാംശം പോയിട്ടില്ലെങ്കില്‍ മറിച്ചിട്ട് ഒന്നുകൂടി ബേക്ക് ചെയ്തെടുക്കാം. നന്നായി ഉണങ്ങിയ ഇഞ്ചി പൊടിച്ചെടുക്കാം. ഈ പൊടി എയര്‍ടൈറ്റ് കണ്ടെയ്നറിലാക്കി മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കാം. കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോള്‍ ഇത് ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.

ദഹനം എളുപ്പത്തിലാക്കാൻ, മലബന്ധം തടയാൻ, ആര്‍ത്തവത്തിന് മുന്നോടിയുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കാൻ, വിവിധ വേദനകളില്‍ നിന്ന് ആശ്വാസം ലഭിക്കാൻ, പ്രതിരോധശേഷി ശക്തിപ്പെടുത്താൻ, വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്താൻ, ക്യാൻസര്‍ അടക്കം പല രോഗങ്ങളെയും ചെറുക്കാൻ, ചര്‍മ്മം ആരോഗ്യമുള്ളതാക്കാൻ എല്ലാം ഇഞ്ചി സഹായകമാണ്.

Advertisment