ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ലിവർ സിറോസിസ്, ലിവർ കാൻസർ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി) തുടങ്ങിയ രോഗങ്ങൾ ഇപ്പോൾ മുമ്പെന്നത്തേക്കാളും കൂടുതൽ ആളുകളെ ബാധിക്കുന്നു. ദോഷകരമായ വസ്തുക്കളുടെ വിഷാംശം ഇല്ലാതാക്കൽ, ദഹനത്തെ സഹായിക്കുന്നതിനുള്ള പിത്തരസം ഉൽപാദനം, ഉപാപചയ നിയന്ത്രണം എന്നിവ ഉൾപ്പെടെ ശരീരത്തിൽ നിരവധി അവശ്യ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഒരു നിർണായക അവയവമാണ് കരൾ. അതിനാൽ, കരൾ സംബന്ധമായ അസുഖങ്ങൾ തടയുന്നതിന് ഈ അവയവത്തെ പരിപാലിക്കുന്നത് അത്യന്താപേക്ഷിതമാണ്. പൊണ്ണത്തടി, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ഉപാപചയ വൈകല്യങ്ങൾ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് NAFLD അപകടസാധ്യത തടയാൻ സഹായിക്കും.
മുഖത്തോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ ഉള്ള അമിതമായ തടിപ്പ് വ്യക്തിക്ക് ഫാറ്റി ലിവർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. കണ്ണുകൾക്ക് ചുറ്റും പലപ്പോഴും കാണപ്പെടുന്ന വെളുത്ത വരകളായ സാന്തെലാസ്മ, സാന്തോമസ് എന്നിവ കാണുന്നുണ്ടെങ്കിൽ ഉയർന്ന കൊളസ്‌ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡ് എന്നിവയെ സൂചിപ്പിക്കുന്നു.
മഞ്ഞപ്പിത്തം...
മഞ്ഞപ്പിത്തം എന്നറിയപ്പെടുന്ന ഒരു രോഗാവസ്ഥ, ചർമ്മത്തിന്റെയും കണ്ണിന്റെയും വെള്ള നിറം മഞ്ഞനിറമാക്കുന്നു. കരളിന് രക്തത്തിൽ നിന്ന് ബിലിറൂബിൻ പുറന്തള്ളാൻ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പഴയ ചുവന്ന രക്താണുക്കൾ തകരുമ്പോൾ, ബിലിറൂബിൻ ഒരു മാലിന്യ ഉൽപ്പന്നമായി സൃഷ്ടിക്കപ്പെടുന്നു. ആരോഗ്യമുള്ളവരിൽ കരൾ ബിലിറൂബിൻ വിഘടിപ്പിക്കുകയും പിത്തരസത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്നു. മറുവശത്ത്, കരൾ തകരാറിലാകുകയും ബിലിറൂബിൻ കൈകാര്യം ചെയ്യാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ മഞ്ഞപ്പിത്തം വികസിക്കുന്നു.
സ്പൈഡർ ആൻജിയോമാസ്...
എട്ടുകാലിയുടെ രൂപത്തിൽ മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടാവുന്ന ചുവന്ന പാടുകളെയാണ് സ്പൈഡർ ആൻജിയോമകൾ എന്ന് പറയുന്നത്. കരൾ രോഗമുള്ളവരിൽ സാധാരണയായി കാണപ്പെടുന്ന ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നതാണ് ഇവയ്ക്ക് കാരണം.
പാമർ എറിത്തമ....
കൈപ്പത്തികൾ ചുവപ്പായി മാറുന്ന അവസ്ഥയാണ് പാമർ എറിത്തമ. ഇത് കരൾ രോഗത്തിന്റെ ലക്ഷണമാകാം. കാരണം ഇത് കൈപ്പത്തികളിലേക്കുള്ള രക്തപ്രവാഹം വർദ്ധിക്കുന്നതാണ്.
കണ്ണുകൾക്ക് താഴെയുള്ള കറുപ്പ്...
കണ്ണുകൾക്ക് താഴെയുള്ള കറുത്ത വൃത്തങ്ങൾ കരൾ രോഗത്തിന്റെ ലക്ഷണമാകാം. ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അമിതമായ ക്ഷീണവും ഇതോട് അനുബന്ധിച്ച് ഉണ്ടാകാം.
മുഖക്കുരുവും മറ്റ് ചർമ്മരോഗങ്ങളും...
മുഖക്കുരുവും മറ്റ് ചർമ്മരോഗങ്ങളും കരൾ രോഗത്തിന്റെ ലക്ഷണമാകാം. കാരണം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് കരളാണ്. കരളിന് അങ്ങനെ ചെയ്യാൻ കഴിയാതെ വരുമ്പോൾ, അത് ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുകയും മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.