ചീത്ത കൊളസ്‌ട്രോളിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.  ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാം. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും.

Advertisment

publive-image

കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ കാണാം. കാലിലും മസിലിന്‍റെ ഭാഗങ്ങളും തുടയിലുമൊക്കെ  വേദന വരുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ലക്ഷണമാകാം.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. പൊതുവേ നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാണ്. എന്നാല്‍ ഇത് കൊളസ്‌ട്രോള്‍ അധികമാകുമ്പോഴും അനുഭവപ്പെടാം. രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇത്തരത്തിലെ വേദനയക്ക് കാരണം.

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, അതായത് ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. മറ്റു കാരണങ്ങള്‍ കൊണ്ടല്ലെങ്കില്‍, പെട്ടെന്ന് ഇത്തരം പ്രശ്‌നങ്ങള്‍ തുടങ്ങുകയാണെങ്കില്‍ അത് ഹൈ കൊളസ്‌ട്രോളിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്. അതുപോലെ മറ്റ് കാരണങ്ങള്‍ കൊണ്ടല്ലാതെയുള്ള വയറിളക്കവും ശ്രദ്ധിക്കേണ്ടതുണ്ട്.

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും. തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. ഇത് ചിലപ്പോള്‍ അസുഖമാകണമെന്നുമില്ല, ചില പ്രത്യേക ശാരീരിക അവസ്ഥകള്‍ കൊണ്ടോ അന്തരീക്ഷത്തിലെ ചൂടുയരുമ്പോഴോ ഒക്കെയാകാം. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം. ചിലരില്‍ കാണുന്ന ചര്‍മ്മപ്രശ്‌നങ്ങളും കൊളസ്‌ട്രോള്‍ തോത് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണെന്നു പറയാം. ഇത്തരത്തില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

ഇവയൊക്കെ അപകട സാധ്യതയായി കണ്ട് കൊളസ്ട്രോള്‍ പരിശോധന നടത്തണം. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് മുന്നേറി കഴിഞ്ഞ ശേഷം മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക.

Advertisment