ലോകാരോഗ്യ സംഘടന പറയുന്നത്, ലോകമെമ്പാടുമുള്ള അകാല മരണത്തിന് ഒരു പ്രധാന കാരണമാണ് അമിത രക്തസമ്മര്‍ദ്ദം എന്നാണ്. പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലക്ഷണങ്ങളൊന്നും കാണിക്കില്ല. അതിനാല്‍ത്തന്നെ ഇതിനെ നിശബ്ദ കൊലയാളി രോഗം എന്നും വിളിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് പെട്ടെന്ന് ഉയര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്. അത് മനസിലാക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഇതിന്റെ അപകട സാധ്യത ഒരു പരിധിവരെ തടയാന്‍ സാധിക്കും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
രക്തസമ്മര്‍ദ്ദം പെട്ടെന്ന് വര്‍ദ്ധിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് സമ്മര്‍ദ്ദമാണ്. നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറത്തുവിടുന്നു. ഇത് നിങ്ങളുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കും. സമ്മര്‍ദ്ദത്തോടുള്ള സ്വാഭാവിക പ്രതികരണമാണ് രക്തസമ്മര്‍ദ്ദ തോതിലെ ഉയര്‍ച്ച. നിങ്ങള്‍ വിട്ടുമാറാത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരിക്കും.
പെട്ടെന്ന് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള മറ്റൊരു സാധാരണ കാരണമാണ് കഫീന്‍. നിങ്ങളുടെ പള്‍സ് നിരക്കും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഒരു ഉത്തേജകമാണ് കഫീന്‍. കഫീനിനോട് സംവേദനക്ഷമതയുള്ളവരോ അല്ലെങ്കില്‍ അത് വലിയ അളവില്‍ കഴിക്കുന്നവരോ ആയ ആളുകളില്‍ ഇത് കൂടുതല്‍ പ്രകടമാകും. അതിനാല്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ അധികമായി കാപ്പി പോലുള്ള കഫീന്‍ പാനീയങ്ങള്‍ കഴിക്കരുത്.
മിതമായ അളവിലുള്ള മദ്യപാനം ചില ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെങ്കിലും, അമിതമായ മദ്യപാനം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. മദ്യം ഒരു വാസോഡിലേറ്ററാണ്. അത് നിങ്ങളുടെ രക്തക്കുഴലുകള്‍ വിശാലമാക്കുന്നതിന് കാരണമാകും. അമിതമായി കഴിക്കുമ്പോള്‍ മദ്യം നിങ്ങളുടെ രക്തക്കുഴലുകള്‍ ചുരുങ്ങാനും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും ഇടയാക്കും.