ശരീരത്തിന്റെ സ്വാഭാവിക സര്‍ക്കാഡിയന്‍ താളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ഭക്ഷണപദ്ധതിയാണ് സര്‍ക്കാഡിയന്‍ ഡയറ്റ്. മെറ്റബോളിസം, ഊര്‍ജ്ജ നിലകള്‍, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന്, അത് ദിവസത്തിലെ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശരീരവുമായി സംയോജിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് പ്രധാനമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സര്‍ക്കാഡിയന്‍ റിഥം എന്നത് നമ്മള്‍ ദിവസവും പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ ബോഡി ക്ലോക്ക് ആണ്. ഈ 24 മണിക്കൂര്‍ ക്ലോക്ക് നമ്മുടെ ഉറക്ക-ഉണര്‍വ് ചക്രം, ഹോര്‍മോണുകളുടെ ഉത്പാദനം, മറ്റ് ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയി സ്വാധീനം ചെലുത്തുന്നു. സര്‍ക്കാഡിയന്‍ ഭക്ഷണക്രമത്തില്‍, ആളുകള്‍ ദിവസത്തിലെ നിശ്ചിത സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ അതിനനുസരിച്ച് ക്രമീകരിക്കാന്‍ സഹായിക്കുന്നു.
നമ്മുടെ ഉറക്ക രീതി മെറ്റബോളിസവുമായും വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഗ്രെലിന്‍ നമ്മുടെ വിശപ്പിനെ ഉത്തേജിപ്പിക്കുന്നു, അതേസമയം ലെപ്റ്റിന്‍ അതിനെ തടയുന്നു. ശരീരത്തിന് ഉറക്കം നഷ്ടപ്പെടുകയും സര്‍ക്കാഡിയന്‍ താളം തെറ്റുകയും ചെയ്യുമ്പോള്‍ അത് ഗ്രെലിന്‍, ലെപ്റ്റിന്‍ എന്നിവയുടെ അളവില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കും. ഇത് ക്രമരഹിതമായ ഭക്ഷണ രീതികള്‍ക്കും പെരുമാറ്റങ്ങള്‍ക്കും കാരണമാകും.
സര്‍ക്കാഡിയന്‍ ഡയറ്റ് എന്ന ഭക്ഷണരീതിയുടെ ആശയം പകല്‍ ഒരു നിശ്ചിത സമയത്ത്, സാധാരണയായി 12-മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിക്കുന്നതിലാണ്. പകല്‍ സമയത്ത് കലോറി ഉപഭോഗവും, സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണ ഉപഭോഗവും പരിമിതപ്പെടുത്തുക. കൂടാതെ, ഭക്ഷണത്തില്‍ പോഷക സമ്പുഷ്ടമായ ഭക്ഷണം ഉള്‍പ്പെടുത്തുക. പ്രോസസ് ചെയ്ത ഭക്ഷണം, മധുരപാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം.
നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാഡിയന്‍ റിഥം എന്നത് അടിസ്ഥാനപരമായി 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആന്തരിക ഘടികാരമാണ്. അത് നിങ്ങളുടെ തലച്ചോറിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നു. കൃത്യമായ ഇടവേളകളില്‍ ഉറക്കത്തിനും ജാഗ്രതയ്ക്കും ഇടയില്‍ ചക്രങ്ങള്‍ നീങ്ങുന്നു. ഇത് നിങ്ങളുടെ ഉറക്കം-ഉണര്‍വ് ചക്രം എന്നും അറിയപ്പെടുന്നു.
സര്‍ക്കാഡിയന്‍ റിഥം മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന സ്ഥിരമായ ഭക്ഷണക്രമം ഉണ്ടാക്കുന്നു. ഉറക്ക സമയക്രമവുമായി ഭക്ഷണ സമയം ക്രമീകരിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുന്നു. കൂടാതെ ഹോര്‍മോണുകളുടെ ഉത്പാദനത്തിലും ഇത് ഉപകരിക്കുന്നു. ശരിയായ ഭക്ഷണരീതികള്‍ നിങ്ങളെ കൂടുതല്‍ നേരം വയറ് നിറച്ച് നിലനിര്‍ത്താനും രാത്രി വൈകിയുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.