മലമൂത്ര വിസര്‍ജ്ജ്യങ്ങളുടെ നിറത്തിലോ ഘടനയിലോ അളവിലോ എല്ലാം വരുന്ന വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇവയെല്ലാം തന്നെ നമ്മുടെ ആകെ ആരോഗ്യം എത്തരത്തിലാണ് പോകുന്നത് എന്നത് മനസിലാക്കാൻ സഹായിക്കുന്ന സൂചിക പോലെയാണ്. പ്രധാനമായും മൂന്ന് രീതിയില്‍ മൂത്രഗന്ധത്തില്‍ വരുന്ന വ്യത്യാസങ്ങളെ കുറിച്ചാണ് പറയുന്നത്...
അമോണിയ ഗന്ധം...
സാധാരണഗതിയില്‍ മൂത്രത്തിന് അത്ര ഗന്ധമൊന്നും ഉണ്ടാകില്ല. ഒന്നാമത് മൂത്രത്തില്‍ വലിയൊരു ശതമാനവും വെള്ളം തന്നെയാണ് അടങ്ങിയിട്ടുണ്ടാവുക. എന്നാല്‍ മൂത്രത്തിന് രൂക്ഷഗന്ധം- (അമോണിയ ഗന്ധം) ഉണ്ടാകുന്ന സാഹചര്യമുണ്ടാകാം. ഇത് മിക്കവാറും മൂത്രാശയ അണുബാധയുടെ സൂചനയായാണ് വരുന്നത്.
'സിസ്റ്റൈറ്റിസ്' എന്ന ബാക്ടീരിയല്‍ അണുബാധ യാണ് ഇതില്‍ ഏറെയും കാണുക. യഥാര്‍ത്ഥത്തില്‍ മലത്തില്‍ നിന്നുള്ള ബാക്ടീരിയ മൂത്രദ്വാരത്തിന് അകത്തേക്ക് കയറുമ്പോഴാണ് 'സിസ്റ്റൈറ്റിസ്' പിടിപെടുന്നത്. ടോയ്‍ലറ്റില്‍ പോയ ശേഷം പുറകില്‍ നിന്ന് മുമ്പിലേക്ക് ടോയ്‍ലറ്റ് പേപ്പര്‍ വച്ച് തുടയ്ക്കുന്നതോ, ലൈംഗികബന്ധത്തിലൂടെയോ, യൂറിനറി കത്തീറ്റര്‍ ഉപയോഗത്തിലൂടെയോ എല്ലാം ബാക്ടീരിയ ഇത്തരത്തില്‍ മൂത്രദ്വാരത്തിലേക്ക് കടക്കാം. ഇതിന് പുറമെ മൂത്രത്തില്‍ കല്ലുള്ളവര്‍, ഗര്‍ഭിണികള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി സംബന്ധമായ പ്രശ്നങ്ങളുള്ള പുരുഷന്മാര്‍, ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകള്‍, പ്രമേഹരോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരും ഇതിന്‍റെ ഭീഷണി കൂടുതല്‍ നേരിടുന്നു.
മൂത്രമൊഴിക്കുമ്പോള്‍ വേദന- എരിച്ചില്‍, ഇടവിട്ട് മൂത്രശങ്ക, കടും നിറത്തിലുള്ള മൂത്രം, രൂക്ഷമായ ഗന്ധത്തിലുള്ള മൂത്രം, അടിവയറ്റില്‍ വേദന എന്നിവയെല്ലാമാണ് 'സിസ്റ്റൈറ്റിസ്' ലക്ഷണങ്ങളായി വരുന്നത്.
മൂത്രത്തിന് പച്ചമണം വരുന്നത്...
ചില സന്ദര്‍ഭങ്ങളില്‍ മൂത്രത്തിന് പച്ചമണം (മീനിന്‍റെ ഗന്ധത്തിന് സമാനമായത്) അനുഭവപ്പെടാം. ഇത് അധികവും സ്ത്രീകളിലാണ് കാണപ്പെടുന്നത്. സാധാരണഗതിയില്‍ സ്ത്രീകളില്‍ വൈറ്റ് ഡിസ്‍ചാര്‍ജ് ഉണ്ടാകാറുണ്ട്. എന്നാല്‍ ബാക്ടീരിയല്‍ വജൈനസ്മിസ് എന്ന പ്രശ്നമുള്ള സ്ത്രീകളില്‍ ഡിസ്‍ചാര്‍ജ് പച്ചമണത്തോടെ വരാം. ഇത് മൂത്രത്തിന്‍റെ ഗന്ധത്തെയും സ്വാധീനിക്കുകയാണ് ചെയ്യുന്നത്. ബാക്ടീരിയല്‍ വജൈനസ്മിസ് ഗുരുതരമായൊരു പ്രശ്നമല്ലെങ്കില്‍ കൂടിയും ഇതിന് ഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടുന്നത് തന്നെയാണ് ഉചിതം.
മധുരപലഹാരങ്ങളുടേതിന് സമാനമായ ഗന്ധം...
ചില അവസരങ്ങളില്‍ മൂത്രത്തിന് മധുരപലഹാരങ്ങളുടേതിനോ മിഠായികളുടേതിനോ സമാനമായ ഗന്ധവും അനുഭവപ്പെടാം. ഇതും ആരോഗ്യം സുഖകരമായ അവസ്ഥയിലല്ല എന്നാണ് സൂചിപ്പിക്കുന്നത്. അതായത് ഷുഗര്‍നില കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രമേഹം അധികരിക്കുമ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാം.
മറ്റ് സാധ്യതകള്‍...
നാം കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ചും മലമൂത്ര വിസര്‍ജ്ജ്യങ്ങളുടെ ഗന്ധത്തില്‍ വ്യത്യാസം വരാം. ഇത് വളരെ സ്വാഭാവികമാണ്. വെളുത്തുള്ളി, കോഫി, വിവിധ സ്പൈസുകള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലാതെ നിര്‍ജലീകരണം സംഭവിക്കുമ്പോഴും മൂത്രത്തിന് ഗന്ധം വരികയും കടുംനിറം വരികയും ചെയ്യാം. ഇക്കാര്യവും ശ്രദ്ധിക്കുക.