മധുരമുള്ള കുപ്പി പാനീയങ്ങള്‍ കഴിക്കാത്തവര്‍ കാണില്ല. എന്നാല്‍ ചിലരുണ്ട്, പതിവായി ഇവ കഴിച്ചേ മതിയാകൂ. പ്രത്യേകിച്ച് വേനല്‍ക്കാലം കൂടിയാകുമ്പോള്‍ ഇത്തരത്തിലുള്ള കുപ്പി പാനീയങ്ങള്‍ക്ക് വിപണിയിലും വലിയ ഡിമാൻഡ് ആണ്.എന്നാല്‍ മധുരമടങ്ങിയ കുപ്പി പാനീയങ്ങള്‍ പതിവാക്കുന്നത് ജീവന് തന്നെ ആപത്താണെന്നാണ് ഈ പഠനം പറയുന്നത്. ഹാര്‍വാര്‍ഡില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. വര്‍ഷങ്ങളെടുത്താണ് ഇവര്‍ ഒരു സംഘം ആളുകളെ അവരുടെ ഡയറ്റ് വിലയിരുത്തി- ആരോഗ്യം അതിന് അനുസരിച്ച് എത്തരത്തിലെല്ലാം മാറുന്നുവെന്ന് രേഖപ്പെടുത്തി തങ്ങളുടെ നിഗമനത്തിലെത്തിയിരിക്കുന്നത്.
മധുരമടങ്ങിയ കുപ്പി പാനീയങ്ങള്‍ പതിവായി കഴിക്കുന്നവരില്‍ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണത്രേ. എന്ന് മാത്രമല്ല- ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഇതുവഴികൂടുന്നു. പോരാത്തതിന് അമിതവണ്ണം ഒരു വെല്ലുവിളിയായി ഉയരുകയും ചെയ്യുന്നു. ഇത്രയും നെഗറ്റീവായ ഘടകങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ അത് ഒരുപാട് പേരില്‍ മരണത്തിന് വരെ ഇടയാക്കുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് വഴിയൊരുക്കുകയാണത്രേ.
അതേസമയം കുപ്പി പാനീയങ്ങള്‍ക്ക് പകരം ചായയോ കാപ്പിയോ കഴിച്ച് ശീലിച്ചവരിലാണെങ്കില്‍ ഈ പ്രതിസന്ധി കാണാനില്ലെന്നും പഠനം വ്യക്തമായി പറയുന്നു. പ്രമേഹ പേടിയുള്ളവരോ, പ്രമേഹത്തിന് സാധ്യത കാണുന്നവരോ ആണെങ്കില്‍ തന്നെ അവര്‍ക്ക് മധുരം ഒഴിവാക്കി ചായയോ കാപ്പിയോ കഴിക്കാമല്ലോ. എന്നാല്‍ കുപ്പി പാനീയങ്ങളില്‍ മധുരം ഒരവിഭാജ്യ ഘടകം തന്നെയാണ്. ഇത് പഴച്ചാറുകള്‍ (ജ്യൂസുകള്‍ ) ആണെങ്കില്‍ പോലും അപകടമാണെന്നാണ് ഗവേഷകര്‍ എടുത്ത് പറയുന്നത്.