മോണരോഗത്തെ നിസാരമായി കാണരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

New Update

മോണയ്ക്കുണ്ടാകുന്ന ക്ഷതം ആണ് മോണരോഗം. പല്ലുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫലകത്തിലും ടാർട്ടറിലും ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നതോടെയാണ് മോണരോഗം ആരംഭിക്കുന്നത്. നമ്മുടെ വായക്കുള്ളില്‍ അടിഞ്ഞു കൂടുന്ന പ്ലാക് തന്നെയാണ് മോണ രോഗത്തിന്റെ അടിസ്ഥാന കാരണം. ശരിയായ രീതിയില്‍ പല്ലുകള്‍ വൃത്തിയാകാത്തതിനാല്‍ പല്ലുകള്‍ക്കിടയിലും മോണയുടെ ഉള്ളിലും പ്ലാക് അടിഞ്ഞു കൂടി അത് മോണ പഴുപ്പിന് കാരണമായി തീരുന്നു. ക്രമേണ പഴുപ്പ് എല്ലുകളെ ബാധിച്ചു പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.

Advertisment

publive-image

പല്ലിന്‍റെ തെറ്റായ സ്ഥാനം, തകരാറുള്ള പല്ലുകൾ എന്നിവ പോലുള്ള ചില സാധാരണ ദന്ത പ്രശ്‌നങ്ങളും മോണരോഗത്തിന് കാരണമാകാം. മാനസിക സമ്മര്‍ദ്ദവും മോണ രോഗത്തിന് കാരണമായേക്കാം. അതുപോലെ പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരിൽ മോണരോഗം കൂടുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ഏത് പ്രായത്തിലും മോണരോഗം ഉണ്ടാകാം, എന്നാൽ മുതിർന്നവരിലാണ് ഇത് ഏറ്റവും സാധാരണമായത്.

മോണരോഗത്തെ എങ്ങനെ തിരിച്ചറിയാം?

മോണ കൂടുതല്‍ ചുവപ്പ് നിറത്തില്‍ കാണപ്പെടുക, പല്ല് തേക്കുന്ന അവസരങ്ങളില്‍ മോണക്കുളളില്‍നിന്നു രക്തം പൊടിയുക എന്നിവയാണ് മോണ രോഗത്തിന്‍റെ ആദ്യ ലക്ഷണം. മോണയില്‍ നീരുവന്ന് വീര്‍ക്കുക, വായ്നാറ്റം, പല്ലിൽനിന്ന് വിട്ടുനിൽക്കുന്ന മോണ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

വേദന ഇല്ലാത്തതിനാല്‍ പലരും ഇതിനെ അവഗണിക്കാം. ഇതുമൂലം മോണരോഗം കൂടുതല്‍ തീവ്രമായ അവസ്ഥയില്‍ എത്തി ചേരാന്‍ കാരണമാവുന്നു. പല തരത്തിലുള്ള മോണരോഗങ്ങളുണ്ട്. ഈ പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

മോണരോഗത്തെ എങ്ങനെ തടയാം? 

ശരിയായ രീതിയിലുള്ള ദന്തരോഗ്യ പരിചരണമാണ് പ്രധാനം. ദിവസവും രണ്ട് നേരം പല്ലുകള്‍ തേക്കുക.  ഒപ്പം എല്ലാ 6 മാസം കൂടുമ്പോഴും ദന്തഡോക്ടറെ സമീപിച്ചു പല്ലും മോണയും ക്ലീന്‍ ചെയ്യുക എന്നതും മോണരോഗം തടയാന്‍ സഹായിക്കും.

മോണയുടെ ആരോഗ്യത്തിന് വിറ്റാമിൻ സി, ഡി എന്നിവ വളരെ പ്രധാനമാണ്. അതിനാല്‍ ഓറഞ്ച്, നെല്ലിക്ക, തൈര്, ചീര തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. പുകവലി ഉപേക്ഷിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്യുക.

Advertisment