രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഇൻസുലിൻ ഒരു ഹോർമോണാണ്. ഇത് രക്തത്തിൽ നിന്ന് ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നു. ജനിതകശാസ്ത്രം, ജീവിതശൈലി, ഭക്ഷണക്രമം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പ്രമേഹത്തിന്റെ വികാസത്തിലേക്ക് നയിച്ചേക്കാം.പ്രമേഹം തടയുന്നതിലും നിയന്ത്രിക്കുന്നതിലും ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. നാരുകൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ, സമീകൃതാഹാരം പ്രമേഹമുള്ള വ്യക്തികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന അളവിൽ പഞ്ചസാര, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിപ്പിക്കുകയും പ്രമേഹ ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും.
ദിവസം മുഴുവൻ ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ലഘുഭക്ഷണം പരിമിതപ്പെടുത്തുകയും രാത്രി വൈകി കലോറി കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.പ്രമേഹരോഗികൾക്ക് അത്തരത്തിലുള്ള പോഷകപ്രദമായ ഒരു ഭക്ഷണമാണ് പപ്പായ. കലോറി കുറഞ്ഞതും എന്നാൽ വിറ്റാമിനുകളും നാരുകളും കൂടുതലുള്ളതുമായ പഴമാണ് പപ്പായ. ആന്റി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. ഇത് പ്രമേഹരോഗികൾക്ക് പല തരത്തിൽ ഗുണം ചെയ്യും.
പ്രമേഹ ചികിത്സയ്ക്ക് പപ്പായ മാത്രമല്ല പപ്പായയുടെ ഇലയും ഫലപ്രദമാണെന്ന് ജേണൽ ഓഫ് എത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന പപ്പെയ്ൻ, ചിമോപാപൈൻ തുടങ്ങിയ സംയുക്തങ്ങൾ ഇലകളിൽ അടങ്ങിയിട്ടുണ്ട്. പപ്പായ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) സ്കെയിലിൽ കുറവാണ്. അതായത് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി ഉയർത്തുന്നില്ല. ഇതിന് 60 ജിഐ ഉണ്ട്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവ എളുപ്പത്തിൽ ദഹിക്കുന്ന രൂപങ്ങളാക്കി വിഘടിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാനും സഹായിക്കുന്ന പപ്പൈൻ, ചിമോപാപൈൻ എന്നീ എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
പപ്പായയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.പപ്പായയിൽ വൈറ്റമിൻ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് ഹൃദ്രോഗങ്ങൾ, കാഴ്ച പ്രശ്നങ്ങൾ, വൃക്ക തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് പപ്പായ സ്മൂത്തിയായോ ജ്യൂസായോ കഴിക്കാതെ പകരം സാലഡ് രൂപത്തിൽ കഴിക്കുക. പപ്പായ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഏറെ നല്ലതാണ്.