ശരീരത്തിന് വേണ്ട വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ ലഭിക്കും. അതില്‍ തന്നെ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴവും ഉണക്കമുന്തിരിയും. ഇവയൊക്കെ ഒരു രാത്രി വെള്ളത്തലിട്ട് കുതിര്‍ത്ത് രാവിലെ വെറുവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. കുതിര്‍ത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വിളര്‍ച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിനുകളായ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃതദയാരോഗ്യത്തിനും ഇവ നല്ലതാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.