ചുണ്ടു മുതൽ ടോൺസിൽ വരെയുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന ക്യാൻസറിനെയാണ് വദനാര്‍ബുദം എന്നറിയപ്പെടുന്നത്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയുമെങ്കിലും പലപ്പോഴും ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് രോഗം സങ്കീര്‍ണമാകുന്നത്. ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളും പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്.
പുകയിലയുടെയും അതിന്റെ ഉപോത്പന്നങ്ങളുടെയും ഉപയോഗം ആണ് പ്രധാന രോഗകാരണമായി കണക്കാക്കുന്നത്. പുകയിലയോടൊപ്പം മദ്യപാനവും സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോള്‍ അര്‍ബുദസാധ്യത വര്‍ധിക്കുന്നു. ചിലരില്‍ വിറ്റാമിന്‍ എയുടെ കുറവും ഹ്യൂമന്‍ പാപില്ലോമ വൈറസിന്റെ ചില വകഭേദങ്ങളും വദനാര്‍ബുദതിന്റെ അപകടഘടകങ്ങളായി കണക്കാക്കുന്നു. കൂര്‍ത്ത പല്ലുകളില്‍ നിന്നോ പൊട്ടിയ പല്ലു സെറ്റുകളില്‍ നിന്നോ ഉണ്ടാവുന്ന ഉണങ്ങാത്ത മുറിവുകളും ചിലരില്‍ ക്യാന്‍സറിലേയക്ക് നയിക്കാം.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓറല്‍ ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ രോഗം വരാനുള്ള സാധ്യതയെ തള്ളികളയാനും കഴിയില്ല എന്നും വിദഗ്ധര്‍ പറയുന്നു. വായിലോ താടിയെല്ലിലോ കഴുത്തിലോ കാണുന്ന മുഴ അല്ലെങ്കിൽ വീക്കമാണ് ഒരു പ്രധാന അടയാളം. വേദന ഇല്ലാതെ വരുന്ന ഇത്തരം മുഴകള്‍ അവഗണിക്കരുത് എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉണങ്ങാത്ത വ്രണത്തോട് കൂടിയ വളര്‍ച്ചയോ തടിപ്പോ ആണ് വായിലെ ക്യാന്‍സറിന്റെ മറ്റൊരു പ്രധാന ലക്ഷണം.
വായിലെ എരിച്ചില്‍ ആണ് മറ്റൊരു ലക്ഷണം. വായിൽ എവിടെയെങ്കിലും അൾസർ, വെളുത്ത പാടുകൾ, ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുന്നുണ്ടെങ്കില്‍, മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. വായില്‍ നിന്നും രക്തം കാണപ്പെടുക, പല്ലുകള്‍ കൊഴിയുക തുടങ്ങിയവയും ലക്ഷണങ്ങളാകാം.
ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്ന ഭാഗത്ത് മുഖം നീര് വയ്ക്കുന്നതും ഒരു ലക്ഷണമാണ്. ഭക്ഷണം വിഴുങ്ങുന്നതിലോ ഭക്ഷണം ചവയ്ക്കുന്നതിലോ താടിയെല്ലും നാവും ചലിപ്പിക്കുന്നതിലോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വായിലെ ക്യാൻസറിന്റെ ലക്ഷണമാകാം. നിങ്ങൾക്ക് ആറാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തൊണ്ടവേദന ഉണ്ടെങ്കിലും ഒരു ഡോക്ടറെ കാണുക. തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെ തോന്നുന്നതും ഒരു ലക്ഷണം ആണ്. ഒരു കാരണമൊന്നുമില്ലാതെ ഒന്നോ അതിലധികമോ പല്ലുകൾ പോകുന്നതും നിസാരമായി കാണരുത്.