ഡെങ്കിപ്പനിയെ ഇങ്ങനെ പലരും നിസാരമായി കണക്കാക്കാറുണ്ട്. എന്നാല്‍ ഡെങ്കിപ്പനി അത്ര നിസാരമായി എടുത്ത് തള്ളിക്കളയാവുന്ന രോഗമല്ല. ഇന്ത്യയില്‍ ഡെങ്കു മരണനിരക്ക് ഇപ്പോഴും ആശങ്കാജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കില്‍ പോലും ഓരോ വര്‍ഷവും കേസുകള്‍ ഉയരുമ്പോള്‍ അതിന് ആനുപാതികമായി മരണനിരക്കും മാറും. അതിനാല്‍ തന്നെ ഡെങ്കു കേസുകള്‍ ഉയരുന്നത് ഗൗരവമുള്ള കാര്യം തന്നെ.
ഡെങ്കിപ്പനി പ്രതിരോധം..
ഡെങ്കിപ്പനി പരക്കുന്നത് തടയാനുള്ള കാര്യങ്ങളാണ് ഇതിനായി പ്രാഥമികമായി ചെയ്യേണ്ടത്. വീടും പരിസരവും, അല്ലെങ്കില്‍ നാം പതിവായി തുടരുന്നയിടങ്ങളും ചുറ്റുപാടുകളുമെല്ലാം കൊതുക് മുക്തമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആദ്യം ചെയ്യണം. ഇത് ഏറെ പ്രധാനമാണ്. എന്നാല്‍ ഇന്ത്യയില്‍ പലയിടങ്ങളിലും പ്രായോഗികമായി ശുചിത്വത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് പരിമിതികളുണ്ട്.
രോഗബാധയേല്‍ക്കാതിരിക്കാനായി മൊസ്കിറ്റോ റിപ്പലന്‍റ്സ് ഉപയോഗിക്കുക, കൊതുകുകടിയേല്‍ക്കാതിരിക്കാൻ അതിന് അനുസരിച്ച വസ്ത്രങ്ങള്‍ ധരിക്കുക- എന്നിങ്ങനെയുള്ള കാര്യങ്ങളും ചെയ്യാം.
ലക്ഷണങ്ങള്‍..
ഡെങ്കിപ്പനി ബാധിച്ച ശേഷം ചികിത്സ വൈകിപ്പിക്കുന്നത് അപകടമാണ്. അതിന് ഡെങ്കു ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കണം. പലരും ഇത് സാധാരണ പനിയാണ് എന്ന വിലയിരുത്തലില്‍ വീട്ടില്‍ തന്നെ തുടരാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാണ്.സാധാരണ പനിയാണെങ്കില്‍ ചൂടും, ജലദോഷവും തളര്‍ച്ചയും തന്നെയേ ലക്ഷണങ്ങളായി വരൂ. പതിവില്ലാത്ത വിധത്തിലുള്ള കായികാധ്വാനമുണ്ടായിരുന്നുവെങ്കില്‍ ശരീരവേദനയും കാണാമെന്ന് മാത്രം.
എന്നാല്‍ ഡെങ്കിപ്പനി അങ്ങനെയല്ല. ഉയര്‍ന്ന പനിയും തലവേദനയും കണ്ണുവേദനയുമെല്ലാം ഡെങ്കിപ്പനിയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളാണ്. അതുപോലെ അസഹനീയമായ തളര്‍ച്ചയും ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. സ്വന്തമായി എഴുന്നേറ്റിരിക്കാൻ പോലും ചിലപ്പോള്‍ പ്രയാസം തോന്നുന്ന അത്രയും ക്ഷീണം ഡെങ്കിപ്പനിയിലുണ്ടാകാം. പേശികളിലും സന്ധികളിലും വേദന, ഓക്കാനം, ഛര്‍ദ്ദി, ഗ്രന്ഥികളില്‍ വീക്കം, ചര്‍മ്മത്തില്‍ ചില പാടുകളോ നിറവ്യത്യാസമോ കാണുന്നത്- എല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞാല്‍ രോഗിയുടെ ഓരോ ദിവസത്തെയും ആരോഗ്യാവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കണം. രക്ത പരിശോധന പതിവായി നടത്തുന്നതും രോഗിയെ സുരക്ഷിതമാക്കാൻ സഹായിക്കും.