സ്ത്രീകളിലെ അമിതവണ്ണം സ്തനാർബുദം വരാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുമെന്ന് പഠനം

New Update

സ്ത്രീകളിലെ അമിത വണ്ണം സ്തനാർബുദം വരാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമിതവണ്ണവും സ്തനാർബുദ സാധ്യതയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിരവധി പഠനങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.  അമിതവണ്ണമുള്ള എല്ലാ സ്ത്രീകൾക്കും സ്തനാർബുദം ഉണ്ടാകില്ലെങ്കിലും, ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Advertisment

publive-image

ഹോർമോണുകളുടെ അളവ് മാറുന്നതിന് അമിതവണ്ണം കാരണമാകും. ഉദാഹരണത്തിന് അമിത വണ്ണം മൂലം സ്തനാർബുദത്തിനുള്ള അപകട ഘടകമായ ഈസ്‌ട്രോജന്റെ അളവ് ഉയരാം. കൂടാതെ, അഡിപ്പോസ് ടിഷ്യു (കൊഴുപ്പ് കോശങ്ങൾ) ഹോർമോണുകളും സൈറ്റോകൈനുകളും ഉത്പാദിപ്പിക്കുന്നു. ഇത് ഡിഎൻഎയെ നശിപ്പിക്കുകയും ക്യാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

അതുപോലെ അമിത വണ്ണവും ഇൻസുലിൻ പ്രതിരോധവുമായും ബന്ധമുണ്ട്. ഇത്തരത്തില്‍ ഉയർന്ന അളവിലുള്ള ഇൻസുലിനും കോശവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ആർത്തവവിരാമത്തിന് മുമ്പ് അമിത വണ്ണമുള്ള സ്ത്രീകൾക്ക് അമിത വണ്ണമില്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്‍റെ ലക്ഷണങ്ങളാവാം. ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും,  സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുന്നത് ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതുപോലെ സ്തനങ്ങളിൽ മുഴ, ആകൃതിയിൽ മാറ്റം വരുക, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരുക, വലുപ്പം വ്യത്യാസപ്പെടുക, മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

Advertisment