ടോയ്‌ലറ്റിനുള്ളിലേയ്ക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൂടെ കരുതുന്നത് ശീലമാക്കിയ നിരവധി പേരുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനായി ടോയ്‌ലറ്റിൽ പ്രവേശിക്കുന്ന ഇത്തരക്കാർ ഫോണിൽ നോക്കിയിരുന്ന് സമയം പാഴാക്കാറാണ് പതിവ്. എന്നാൽ ഇതൊരു ദുഃശീലം തന്നെയാണ്. ടോയ്‌ലറ്റിനുള്ളിൽ ഫോൺ ഉപയോഗിക്കുന്നത് വഴി പല തരത്തിലുള്ള രോഗാണുക്കളുമായി നിങ്ങൾ അധികനേരം സമ്പർക്കത്തിൽ വന്നേക്കാം. ഇത് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്ന കാര്യം എടുത്ത് പറയേണ്ടതില്ല.
ടോയ്‌ലറ്റിലെ വാതിൽ, വാതിലിന്റെ ലോക്ക്, ടാപ്പ്, ഫ്ളഷ്, തറ എന്നിവിടങ്ങളിലാണ് കൂടുതലായി രോഗാണുക്കളുമായി സമ്പർക്കമുണ്ടാവുക. കൂടാതെ ബാത്ത് റൂം ഫ്ളഷ് ചെയ്ത ശേഷമുള്ള വെള്ള തുള്ളികളും രോഗാണുക്കളെ വഹിക്കുന്നു ഇവയുമായൊന്നും നേരിട്ട് സമ്പർക്കത്തിൽ വന്നില്ലെങ്കിൽ പോലും അധിക സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നത് വഴി രോഗാണുക്കൾ ഫോണിൽ പറ്റിപ്പിടിക്കാം.
ഇത്തരക്കാർ പുറത്ത് വന്ന ശേഷം കൈകൾ മാത്രമായിരിക്കും ശുചിയാക്കുക. അപ്പോഴും ഫോണിലടങ്ങിയ രോഗാണുക്കൾ അതേ പടി ശേഷിക്കും. ദിവസം മുഴുവനും കൈയിൽ കരുതുന്നതിനാൽ തന്നെ മൊബൈൽ ഫോണിൽ നിന്ന് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. ഇത് വഴി ഇ-കോളി, സാൽമോണെല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ്-എ, മെഴ്സ, വയറിളക്കം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. അതിനാൽ ടോയ്‌ലറ്റിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് ഒഴിവാക്കേണ്ട ശീലം തന്നെയാണ്.