പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ വന്നുതുടങ്ങാറുണ്ട്. അതിൽ ഒന്നാണ് നര. എന്നാൽ ഇപ്പോൾ ഈ പ്രശ്നം ചെറുപ്പക്കാരെയും ബാധിക്കുന്നുണ്ട്. മാറുന്ന ജീവിതരീതി, ഭക്ഷണശൈലി തുടങ്ങി പല കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയുണ്ടാന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ ഡൈ അല്ലെങ്കിൽ ഹെയർ കളറാണ് പലരും ഉപയോഗിക്കുന്നത്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതിനെല്ലാം പരിഹാരമായി ഒരു എണ്ണയുണ്ട്. ഡൈ വാങ്ങാൻ മുടക്കുന്ന കാശിന്റെ പകുതി പോലും ചെലവില്ലാതെ നിങ്ങൾക്ക് ശാശ്വതമായി മുടി കറുപ്പിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മൈലാഞ്ചിയില, പേരയില, ചെമ്പരത്തിയില, തുളസിയില, ആര്യവേപ്പില, പനിക്കൂർക്ക, ചുവന്നുള്ളി, കുരുമുളക്, കരിഞ്ചീരകം, നെല്ലിക്ക പൊടി, കർപ്പൂരം
എണ്ണ തയ്യാറാക്കുന്ന വിധം
ഇലകളെല്ലാം മിക്സിയിലിട്ട് ചുവന്നുള്ളി ചേർത്ത് അരച്ചെടുക്കുക. ഇലകൾ നല്ല വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്താൻ മറക്കരുത്. ശേഷം ഇരുമ്പ് ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണയെടുത്ത് അതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന ഇലയുടെ കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. തീ കുറച്ചുവച്ച് 30 മിനിട്ട് എണ്ണ തിളപ്പിക്കുക. ഇലകളുടെ നിറം മാറുമ്പോൾ അതിലേയ്ക്ക് കുറച്ച് കുരുമുളകും ഒരു സ്പൂൺ കരിഞ്ചീരകവും ഒരു സ്പൂൺ നെല്ലിക്ക പൊടിയും ചേർത്ത് കൊടുക്കുക. എണ്ണ നന്നായി തിളച്ച ശേഷം തീ ഓഫാക്കി തണുപ്പിച്ച് അരിച്ച് ഒരു ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. കുറച്ച് കർപ്പൂരം പൊടിച്ചത് കൂടി ഈ ബോട്ടിലിൽ ഇടുക. കുളിക്കുന്നതിന് 45 മിനിട്ട് മുമ്പ് ഈ എണ്ണ നന്നായി തേച്ച് പിടിപ്പിക്കണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.