മെയ് 18ന് ലോക എയ്ഡ്‌സ് വാക്‌സിൻ ദിനമായി ആചരിക്കുന്നു. എച്ച്‌ഐവി വാക്‌സിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) അണുബാധയും എയ്ഡ്സും (അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം) തടയാൻ കഴിയുന്ന ഒരു വാക്സിന്റെ അടിയന്തരമായ ആവശ്യകത ഓർമ്മപ്പെടുത്തുന്ന ദിനമാണിത്.
എയ്ഡസിനെ (AIDS) പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ വികസിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആരോഗ്യ വിദഗ്ധർ, ശാസ്ത്രജ്ഞർ, കമ്മ്യൂണിറ്റി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനും അവരോടുള്ള നന്ദി അറിയിക്കുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ലോക എയ്ഡ്‌സ് വാക്‌സിൻ ദിനം ആദ്യമായി 1998 മെയ് 18 ന് ആഗോളതലത്തിൽ ആചരിച്ചു. അന്നത്തെ യുഎസ് പ്രസിഡണ്ട് ബിൽ ക്ലിന്റനാണ് ഈ ദിനം ആചരിക്കാനുള്ള ആശയം മുന്നോട്ട് വച്ചത്.
എച്ച്‌ഐവി ഒരു പ്രധാന ആഗോള പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലും നിലവിലുള്ള സംക്രമണത്തിലൂടെ ഇതുവരെ 40.1 ദശലക്ഷം ജീവൻ അപഹരിച്ചു. 2021 അവസാനത്തോടെ 38.4 ദശലക്ഷം ആളുകൾ എച്ച്‌ഐവി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. അതിൽ മൂന്നിൽ രണ്ട് ഭാഗവും അതായത് 25.6 ദശലക്ഷം പേർ ആഫ്രിക്കൻ മേഖലയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ഗവേഷകർക്ക് പ്രോത്സാഹനം നൽകാനും എയ്ഡ്സ് വിദ്യാഭ്യാസം പ്രചരിപ്പിക്കാനും ആഗോളതലത്തിൽ ദിനം ആചരിച്ചുവരുന്നു. ലോക എയ്ഡ്‌സ് വാക്‌സിൻ ദിനം, അണുബാധ തടയുന്നതിൽ എച്ച്ഐവി വാക്‌സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹങ്ങളെ ബോധവത്കരിക്കാനുള്ള അവസരവും നൽകുന്നു.
ലോക എയ്ഡ്‌സ് വാക്‌സിൻ ദിനത്തിൽ ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകളും എൻജിഒകളും എയ്ഡ്‌സ്/എച്ച്ഐവി വാക്‌സിനിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു.