ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്നത്. ഫൈബർ, വിറ്റാമിൻ ബി 6, ഫോളേറ്റ് എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് വെണ്ടയ്ക്ക.
വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് വെണ്ടയ്ക്കുള്ളത്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ച് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾക്ക് നൽകിയിരിക്കുന്ന റാങ്കിംഗാണ് ഗ്ലൈസെമിക് സൂചിക.
കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത ഉറപ്പാക്കുന്നു. കൂടാതെ ഭക്ഷണത്തിൽ നിന്ന് പുറത്തുവരുന്ന പഞ്ചസാര സാവധാനത്തിൽ മെറ്റബോളിസ് ചെയ്യപ്പെടുന്നു. 100 ഗ്രാം വെണ്ടയ്ക്കയിൽ 7.45 ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ. വെണ്ടയ്ക്ക പോലുള്ള അന്നജം ഇല്ലാത്ത പച്ചക്കറി പ്രമേഹരോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഒന്നാണെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ മികച്ച ഉറവിടമാണ് വെണ്ടയ്ക്ക. ഇതിൽ കലോറി വളരെ കുറവാണ്. നൂറു ഗ്രാം വെണ്ടയ്ക്കയിൽ 33 കലോറിയിൽ താഴെ മാത്രമാണുള്ളത്. പ്രമേഹരോഗികൾ അഭിമുഖീകരിക്കുന്ന ഒരു പൊതുപ്രശ്നമാണ് ശരീരഭാരം കൂടുന്നത്.
നിങ്ങളുടെ ഭക്ഷണത്തിൽ വെണ്ടയ്ക്ക ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്ന സംയുക്തങ്ങൾക്ക് പുറമേ, ആന്റിഓക്‌സിഡന്റുകളുടെയും ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ സുപ്രധാന പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് വെണ്ടയ്ക്ക.