ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ആവശ്യമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. ക്ഷീണം, തളര്‍ച്ച, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദ, ഉത്കണ്ഠ, വിഷാദം, ഭാരം കൂടുക, മുടി കൊഴിച്ചില്‍ തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ ഇത് കാരണമാകും.
ശരീരത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുമൊക്കെ ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ കാരണമാകും.
മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.
പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.