ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനാകും.
ഒന്ന്..
കോഫി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫി കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനുകളാണ് ഇതിന് സഹായിക്കുന്നത്. ഒപ്പം കോഫിയില്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. അതിനാല്‍ ഇവ പല കരള്‍ രോഗങ്ങളെയും തടയാം. എന്നാല്‍ മിതമായ അളവില്‍ മാത്രം കോഫി കുടിക്കാനും ശ്രദ്ധിക്കുക.
രണ്ട്..
ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്..
മുന്തിരി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കരളിന്‍റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. 'പോളിഫെനോൾസ്' എന്ന ആന്‍റി ഓക്‌സിഡന്‍റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്.
നാല്..
ബീറ്റ്റൂട്ട് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഇവ കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അഞ്ച്..
നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നട്സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ കരളന് ആവശ്യമാണ്. അതിനാല്‍ അണ്ടിപ്പരിപ്പും ബദാമുമൊക്കെ ധാരാളമായി കഴിക്കാം.